
കണ്ണൂർ: തലശേരി മുതൽ മാഹി വരെയുള്ള ആറുവരിപാതയായ തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്‌ഘാടനം ചെയ്‌തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരി പാതയാണ് ഇതോടെ യാഥാർത്ഥ്യമായത്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി ഒരുക്കിയത്. ആയിരത്തിലേറെപേരാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തിയത്. ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.
ഉദ്ഘാടനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ എന്നിവരുടെ നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ബിജെപിയുടെ നേതൃത്വത്തിൽ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.
ദേശീയപാത 66ലൂടെ ഇഴഞ്ഞുനീങ്ങി മാത്രമേ വാഹനങ്ങൾക്ക് തലശേരിയും മാഹിയും താണ്ടാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, ആറുവരി ബൈപ്പാസ് യാഥാർത്ഥ്യമായതോടെ വഴിയിൽ കുരുങ്ങാതെ ദീർഘദൂര യാത്രികർക്ക് കടന്നുപോകാൻ സാധിക്കും. തലശേരി, മാഹി നഗരങ്ങളെ പൂർണമായും ഒഴിവാക്കിയാണ് ബൈപ്പാസ് കടന്നുപോകുന്നത്.
മുഴിപ്പിലങ്ങാട് മുതൽ മാഹി അഴിയൂർ വരെ 18.6 കിലോമീറ്ററാണ് ബൈപ്പാസ്. തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ട് നിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.