
മുംബയ്: മാലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറന്റ് അയച്ച് കോടതി. മുംബയിലെ പ്രത്യേക കോടതിയാണ് പതിനായിരം രൂപയുടെ വാറന്റ് അയച്ചത്. ജാമ്യം ലഭിക്കാവുന്ന വാറന്റ് ആണ് അയച്ചത്.
ആറുപേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂറിനോട് ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടും ഹാജരായിരുന്നില്ല. പ്രഗ്യയുടെ അഭിഭാഷകൻ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇളവ് അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
2008 സെപ്തംബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവ് നഗരമായ നാസിക്കിൽ മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ആറ് പേർ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.