d

നിർഭാഗ്യവശാൽ,​ സംസ്ഥാനത്ത് സഹകരണ ബാങ്കുകളെക്കുറിച്ച് ശുഭവാർത്തകളേക്കാൾ നിക്ഷേപർക്ക് അടുത്തകാലത്ത് അധികം കേൾക്കേണ്ടിവന്നത് ആശങ്കയുടെ വാർത്തകളാണ്! സാധാരണക്കാർ വിശ്വസിച്ച് ഏല്പിച്ച ദീർഘകാല നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വ്യാജ ഈടിന്മേൽ വേണ്ടപ്പെട്ടവർക്ക് കോടികളുടെ വായ്പ തരപ്പെടുത്തിക്കൊടുത്ത് കുത്തുപാളയെടുത്ത ബാങ്കുകളുടെ കഥകൾ ഒന്നുംരണ്ടുമല്ല കേരളം കേട്ടത്. കരുവന്നൂരും കണ്ടലയും കണ്ണമ്പ്രയുമൊക്കെ ആ നിരയിലെ ചില പേരുകൾ മാത്രം. ഒടുവിൽ നിക്ഷേപകർക്ക് സർക്കാർ നേരിട്ട് നഷ്ടപരിഹാരം അനുവദിക്കേണ്ട സ്ഥിതി വരെയുണ്ടായി. ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ചേർന്നുള്ള തീവെട്ടിക്കൊള്ളയുടെ ഇരകളായത് പാവം നിക്ഷേപകരാണ്. സഹകരണ ബാങ്കുകൾ വരുത്തിവച്ച ഈ ചീത്തപ്പേരിനിടയിലാണ്,​ സംസ്ഥാനത്ത് എല്ലാ നഗരങ്ങളിലും കേന്ദ്ര സർക്കാർ വക അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ വരാൻ പോകുന്നുവെന്ന വാർത്ത വന്നത്.

കേന്ദ്രം വക ഈ ഭീഷണിയുടെ സാഹചര്യത്തിലും,​ കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന കടന്ന വിശ്വാസം സർക്കാരിനും കേരള ബാങ്ക് അധികൃതർക്കും നൽകുന്നത്,​ ഇക്കഴിഞ്ഞ മാസം നടന്ന നിക്ഷേപ സമാഹരണ യജ്ഞത്തിനു കിട്ടിയ വമ്പൻ സ്വീകരണമായിരിക്കാം. കരുവന്നൂർ,​ കണ്ടല തട്ടിപ്പുകളുടെ ഉള്ളുകള്ളികളെല്ലാം പുറത്തുവന്നതിനു ശേഷവും,​ ഇക്കഴിഞ്ഞ ജനുവരി മാസം നടന്ന നിക്ഷേപ സമാഹരണ യജ്ഞത്തിൽ ഒമ്പതിനായിരം കോടി രൂപ ലക്ഷ്യമിട്ടിടത്ത്,​ സഹകരണ ബാങ്കുകളിലേക്ക് നിക്ഷേപമായി ഒഴുകിയെത്തിയ തുക 23,​263.73 കോടി രൂപയായിരുന്നു. പ്രാദേശികമായി സഹകരണ ബാങ്കുകൾക്കുള്ള വിശ്വാസ്യതയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് വെളിവാക്കുന്നതായിരുന്നു,​ യജ്ഞഫലം. സംസ്ഥാനത്തെ മൊത്തം സഹകരണ നിക്ഷേപം 1,​27,​000 കോടിയിലധികം വരും.

സഹകരണ മേഖല സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് സുപ്രീം കോടതി വിധിയുള്ള പശ്ചാത്തലത്തിൽ കേരളത്തിന്റെ സഹകരണ ബാങ്കിംഗ് മേഖലയ്ക്കു മേൽ പിടിമുറുക്കുന്നതിന് നേരിട്ട് കേന്ദ്ര സർക്കാരിനു കഴിയില്ല. ഇത് മറികടക്കാൻ രണ്ടാം യു.പി.എ സർക്കാർ കണ്ടെത്തിയ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ കേന്ദ്ര അർബൻ ബാങ്കുകളുടെ വരവ്. ബാങ്ക് സംസ്ഥാനത്തിന്റെ വകയായാലും കേന്ദ്രത്തിന്റെ വകയായാലും ഇടപാടുകാരുടെ നോട്ടം പരമാവധി ആനുകൂല്യങ്ങളിലായിരിക്കും. കേന്ദ്ര നിയന്ത്രണത്തിലുള്ള നിർദ്ദിഷ്ട അർബൻ ബാങ്കുകൾക്ക് സ്വാഭാവികമായും കുറഞ്ഞ പലിശയ്ക്ക് വായ്പയും,​ നിക്ഷേപങ്ങൾക്ക് അധിക ആനുകൂല്യങ്ങളും നൽകാനാകും. എ.ടി.എം- ക്രെഡിറ്റ് കാർഡ് ഉൾപ്പെടെ ആധുനിക ബാങ്കിംഗ് മേഖലയിലെ എല്ലാ സൗകര്യങ്ങളും കേന്ദ്ര ബാങ്കിന് കാണുകയും ചെയ്യും.

അധിക ആനുകൂല്യങ്ങളും പണമിടപാട് സൗകര്യങ്ങളും ബോദ്ധ്യമായാൽ കേരള ബാങ്കിന്റെ ഇടപാടുകാരിൽ ഒരു വിഭാഗം കേന്ദ്ര ബാങ്കിലേക്ക് കളംമാറില്ലെന്ന് പറയാനാകില്ല. സംഭവിക്കാവുന്ന ഈ വെല്ലുവിളിയെ മികച്ച അവസരമാക്കി,​ സഹകരണ ബാങ്കിംഗ് മേഖലയിലെ പുഴുക്കുത്തുകൾ എത്രയും വേഗം പരിഹരിച്ച്,​ തട്ടിപ്പുകൾക്ക് പഴുതില്ലാത്ത വിധം അവയെ കൂടുതൽ ശക്തിപ്പെടുത്തുകയും,​ മത്സരക്ഷമമാക്കുകയുമാണ് വേണ്ടത്. സഹകരണ മേഖലയിൽ നിലവിലുള്ള അമിത രാഷ്ട്രീയ ദു:സ്വാധീനത്തിന് തടയിടുകയാണ് ആദ്യം വേണ്ടത്. ഭരണസമിതി അംഗങ്ങളുടെ സ്വാധീനം ചെലുത്തുന്ന അമിത സമ്മർദ്ദത്തിനു വഴങ്ങിയാവും പലപ്പോഴും ബാങ്ക് ജീവനക്കാർ വഴിവിട്ട സാമ്പത്തിക ഇടപാടുകൾക്കും വായ്പാ അനുമതികൾക്കും തുനിയുന്നത്. ഇന്റേണൽ ഓഡിറ്രിംഗ് രീതി ശക്തിപ്പെടുത്തിയും ബാങ്കിംഗ് രീതികൾക്ക് പ്രൊഫഷണൽ സ്വാഭാവം നൽകിയും സഹകരണ ബാങ്കിംഗ് മേഖലയ്ക്ക് പുതിയ മുഖം നൽകിയേ മതിയാകൂ.