
ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിലായി 60,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിമാനത്തവളങ്ങളുടെ ശേഷിയും വികസനവും 2040ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് കരണ്‍ അദാനി പറഞ്ഞു.
'ഇതില്‍ 30,000 കോടി എയര്‍സൈഡിനും ബാക്കി മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം, ഗുവാഹത്തി, ജയ്പൂര്‍, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലെ സിറ്റിസൈഡിനും വേണ്ടി ചെലവഴിക്കും'. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് സി.ഇ.ഒ അരുണ്‍ ബന്‍സാല്‍ പറഞ്ഞു.
വിമാനത്തവളത്തിന്റെ അറൈവല്‍ -ഡിപ്പാര്‍ച്ചര്‍ വിഭാഗം, റണ്‍വേ, ഹാംഗറുകള്‍, കണ്‍ട്രോള്‍ ടവറുകള്‍ എന്നിവയാണ് എയര്‍സൈഡ് പട്ടികയില്‍ വരിക. വിമാനത്താവളത്തെ ചുറ്റിപ്പറ്റിയുള്ള വാണിജ്യ സൗകര്യങ്ങളാണ് സിറ്റിസൈഡില്‍ വരിക. നേരത്തെ നവി മുംബയ് വിമാനത്താവളത്തിന്റെ ഒന്നാംഘട്ട വികസനത്തിന് അനുവദിച്ച 18,000 കോടി കൂടി ചേരുമ്പോള്‍ 78,000കോടിയാണ് മൊത്തം ചെലവ്.
അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിമാനത്താവളങ്ങളുടെ പ്രതിവര്‍ഷ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി 11 കോടിയാണ്. ഇതിനെ മൂന്നിരട്ടിയായി ഉയര്‍ത്താനാണ് നീക്കം. 'ഗ്രൂപ്പിന് എയര്‍പോര്‍ട്ട് സബ്‌സിഡിയറി ലിസ്റ്റ് ചെയ്യാനുള്ള പദ്ധതികള്‍ ഇല്ലെന്നും മാതൃ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിലൂടെയാണ് നിക്ഷേപ ധനസഹായം ലഭിക്കുകയെന്നും' അദാനി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള ലഖ്‌നൗ വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. 2040 ഓടെ വര്‍ഷത്തില്‍ 30 കോടി വരെ യാത്രാക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദാനി വ്യക്തമാക്കി.