
പാലോട്: ചിപ്പൻചിറ ഇരുമ്പുപാലത്തിനു സമീപം സ്‌മിതാ വിഹാറിൽ ഓമനഅമ്മ (65) വാഹനാപകടത്തിൽ മരിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബത്തിന്റെ പരാതി.
2021 സെപ്‌തംബർ ഒമ്പതിന് വൈകിട്ട് ആറോടെ ചിപ്പൻചിറ ഇരുമ്പുപാലത്തിലൂടെ നടന്നുപോകുമ്പോൾ അമിത വേഗത്തിലെത്തിയ ജീപ്പ് ഓമനഅമ്മയെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. തലയ്‌ക്ക് പരിക്കേറ്റ് ആറുദിവസത്തോളം മെഡിക്കൽ കോളേജ് ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. സമീപ പ്രദേശങ്ങളിലെ സി.സി ടി.വി പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. അപകടത്തിനുശേഷം ചിപ്പൻചിറയിൽ നിന്നും തിരിഞ്ഞ് പെരിങ്ങമ്മല ഭാഗത്തേക്കാണ് ജീപ്പ് പോയത്. 2021 സെപ്‌തംബർ 17ന് അപകടത്തിന് കാരണമായ ജീപ്പ് കണ്ടെത്തുന്നതിന് ജീപ്പ് സ്റ്റാന്റിലെ ജീപ്പുകൾ മേളാ ഗ്രൗണ്ടിലെത്തിച്ച് പൊലീസ് പരിശോധിച്ചിട്ടും ഫലമുണ്ടായില്ല.
അതേസമയം ചില രാഷ്ട്രീയ പ്രവർത്തകരുടെ സഹായത്തോടെ ജീപ്പ് സ്ഥലത്തുനിന്ന് കടത്തിയെന്നാണ് പരാതി. ഇടിഞ്ഞാർ മങ്കയം ചെക്ക് പോസ്റ്റിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജീപ്പാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. നിക്ഷ്പക്ഷമായ അന്വേഷണം നടത്തിയാൽ കുറ്റവാളിയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓമന അമ്മയുടെ കുടുംബം.