
ന്യൂഡൽഹി: യു.സിലും കാനഡയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പന് മുമ്പ് ഇന്ത്യൻ താരങ്ങളെ സംബന്ധിച്ച് നിർണായക വിവരങ്ങൾ വെളിപ്പെടുത്തി ബി.സി.സി.ഐ സെക്രട്ടറഇ ജയ് ഷാ. ശസ്ത്രിക്രയയെ തുടർന്ന് വിശ്രമിക്കുന്ന സൂപ്പർ പേസർ മുഹമ്മദ് ഷമിക്ക് വരുന്ന ഐ.പി.എൽ സീസണും ട്വന്റി-20 ലോകകപ്പ് നഷ്ടമാകുമെന്ന് പി.ടി.ഐയക്ക് നൽകിയ അഭിമുഖത്തിൽ ജയ് ഷാ വ്യക്തമാക്കി. ഷമി സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. സെപ്തംബറോടുകൂടിയെ ഷമിക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കാനാകൂ. സെപ്തംബറിലെ ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലൂടെയാകും ഷമിയുടെ തിരിച്ചുവരവെന്നും ഷാ പറഞ്ഞു. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഷമി കളത്തിലിറങ്ങിയിട്ടില്ല. ഏകദിന ലോകകപ്പിൽ മികച്ച പ്രകടമാണ് ഷമിയുടെ അഭാവം ഇന്ത്യയ്ക്ക് ട്വന്റി-20 ലോകകപ്പിലും ഗുജറാത്ത് സൂപ്പർ ജയ്‌ന്റ്സിന് ഐ.പി.എല്ലിലും വലിയ നഷ്ടമാണ്.
അതേസമയം കാറപകടത്തെ തുടർന്ന് 15 മാസമായി കളത്തിന് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ട്വന്റി-20 ലോകകപ്പ് സാധ്യതകളെപ്പറ്റിയും ഷാ വിവരിച്ചു. കീപ്പ് ചെയ്യാനാകുമെങ്കിൽ അദ്ദേഹം ലോകകപ്പ് ടീമിലുണ്ടാകുമെന്നാണ് ഷാ പറഞ്ഞത്. പന്ത് ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാനുള്ള ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ല. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി ബാറ്ററായി താരം കളിക്കുമെന്ന് ടീം ഡയറക്ടർ സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ അദ്ദേഹം പരിശീലന മത്സരം കളിക്കുന്നുണ്ട്. പന്തിന് അധികം വൈകാതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കും. പന്ത് ടീമിലുണ്ടെങ്കിൽ ഇന്ത്യയ്ക്ക് അതൊരു മുതൽക്കൂട്ടാണ്. കീപ്പ് ചെയ്യാൻ കഴിയുമെങ്കിൽ പന്ത് ലോകകപ്പ് ടീമിലുണ്ടാകും. ഐ.പി.എല്ലിൽ പന്ത് എങ്ങനെ കളിക്കുന്നുവെന്ന് നോക്കാം.- ഷാപറഞ്ഞു.
അതേസമയം പന്തിനെക്കുറിച്ചുള്ള ഷായുടെ പരാമർശം മലയാളി താരം സഞ്ജു സാംസണിന്റെയും ജിതേഷ് ശർമ്മയുടേയും ധ്രുവ് ജുറലിന്റെയും മറ്റും ലോകകപ്പ് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ്. ഏകദിന ലോകകപ്പിൽ വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനം കാഴ്ചവച്ച കെ.എൽ. രാഹുൽ തന്നെയാകും ട്വന്റി-20 ലോകകപ്പിലും വിക്കറ്റ് കീപ്പറാവുകയെന്നാണ് റിപ്പോർട്ടുകൾ. രാഹുലും പരിക്കിന്റെ പിടിയിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം അദ്ദേഹം കളിച്ചിരുന്നില്ല. എന്നാൽ താരം ഐ.പി.എല്ലിൽ ലക്നൗ സൂപ്പർ ജയിന്റ്സിനായി കളത്തലിറങ്ങുമെന്നാണ് വിവരം. 2 വിക്കറ്റ് കീപ്പർമാരായിരിക്കും ലോകകപ്പ് ടീമിലുണ്ടാവുക.