
അപകടം 11 കെ.വി ലൈനിൽ തട്ടി
ഗാസിപുർ: ഉത്തർപ്രദേശിലെ ഗാസിപുരിൽ വിവാഹസംഘം സഞ്ചരിച്ച ബസിന് തീ പിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധിപേർ ഗുരുതരാവസ്ഥയിൽ. കോപാഗഞ്ചിൽ നിന്ന് മഹാഹറിലേക്ക് മുപ്പതോളം യാത്രക്കാരുമായി പോയ ബസ് 11 കെ.വി വൈദ്യുതി കമ്പിയിൽ തട്ടി തീപിടിക്കുകയായിരുന്നു. ബസ് പൂർണമായും കത്തി നശിച്ചു. മർദ മേഖലയിലെ മഹാഹർ ധാമിന് സമീപമാണ് സംഭവം. അപകട വിവരം സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. തീ ആളിപ്പടർന്നതിനാൽ വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമായതുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മരണസംഖ്യ കൂടാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.