
മുംബയ്: രഞ്ജി ട്രോഫി ഫൈനലിൽ ആധിപത്യം നേടി മുംബയ്. 30/3 എന്ന നിലയിൽ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ വിദർഭയെ മുംബയ് 105 റൺസിൽ ഓൾഔട്ടാക്കി. തുടർന്ന് 119 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മുംബയ് സ്റ്റമ്പെടുക്കുമ്പോൾ 141/2 എന്ന നിലയിലാണ്. അർദ്ധ സെഞ്ച്വറി തികച്ച് 51 റൺസുമായി മുഷീർ ഖാനും 58 റൺസുമായി ക്യാപ്ടൻ അജിങ്ക്യ രഹാനെയുമാണ് ക്രിസിലുള്ളത്. മുംബയ്ക്ക് ആകെയിപ്പോൾ 260 റൺസിന്റെ ലീഡായി. ഓപ്പണർമാരായ പ്രിഥ്വി ഷായുടേയും (11), ഭൂപെൻ ലാൽവാനിയുടേയും (18) വിക്കറ്റുകളാണ് മുംബയ്ക്ക് നഷ്ടമായത്.
നേരത്തേ 3 വിക്കറ്റ് വീതം വീഴ്ത്തിയ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന ധവാൽ കുൽക്കണി, സ്പിന്നർമാരായ ഷംസ് മുലാനി, തനുഷ് കോട്ടിയാൻ എന്നിവരുടെ ബൗളിംഗ് മികവിലാണ് മുംബയ് വിദർഭയെ പ്രതിസന്ധിയിലാക്കിയത്. 27 റൺസെടുത്ത യഷ രാത്തോഡാണ് അവരുടെ ടോപ് സ്കോറർ.