
ന്യൂഡല്‍ഹി: 2019 ഡിസംബറിലാണ് സിഎഎ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ പൗരത്വ ബില്‍ ഭേദഗതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. 64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം ലഭിക്കുക.
നേരത്തെ ഇന്ത്യയില്‍ 11 വര്‍ഷം സ്ഥിരതാമസമാക്കിയവര്‍ക്കാണ് പൗരത്വം നല്‍കിയതെങ്കില്‍ ഇപ്പോഴത് ആറ് വര്‍ഷമായി ചുരുങ്ങിയിരിക്കുകയാണ്. വിസ, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്.
ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. വിദേശി നിയമം, പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണിത്. 2015, 2016ല്‍ കേന്ദ്രം പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണു പുതിയ പൗരത്വനിയമ ഭേദഗതി.
പൗരത്വ നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യന്‍ പൗരന്മാരുടെ ഒസിഐ രജിസ്ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകള്‍ക്കു ബില്‍ ബാധകമാകില്ല.
അരുണാചല്‍, മിസോറം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് ആവശ്യമായ പ്രദേശങ്ങളും ബില്ലിന്റെ പരിധിയില്‍ വരുന്നില്ല. അതേസമയം കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനോടകം ഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഭേദഗതി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടത്. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത വിയോജിപ്പാണ് സിഎഎ നടപ്പിലാക്കുന്നതിനെതിരെ മുമ്പ് തന്നെ ഉന്നയിച്ചിരുന്നത്.
കേരളത്തില്‍ സിഎഎ നടപ്പാവില്ലെന്ന് അടിവരയിട്ട് പറയുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ചാണ് സിഎഎ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നതും.