
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കരുത്തർ മുഖാമുഖം വന്ന ആവേശപ്പോരിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ജോൺ സ്റ്റോൺസാണ് സിറ്റിയുടെ സ്കോറർ. പെനാൽറ്റിയിൽ നിന്ന് മക് അലിസ്റ്ററാണ് ലവറിന് സമനില ഗോൾ സമ്മാനിച്ചത്.
സിറ്റിയുടെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 23-ാം മിനിട്ടിൽ കോർണറിൽ നിന്ന് ക്ലോസ് റേഞ്ച് ഫിനിഷിലൂടെയാണ് സ്റ്റോൺസ് സിറ്റിയ്ക്ക് ലീഡ് നൽകിയത്. ഇടവേളയ്ക്ക് പിരിയുമ്പോൾ ഈ ഗോളിന്റെ പിൻബലത്തിൽ സിറ്റിയായിരുന്നു മുന്നിൽ. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ലിവർപൂൾ 50-ാം മിനിട്ടിൽ മക് അലിസ്റ്ററുടെ പെനാൽറ്റി ഗോളിൽ സമനില പിടിക്കുകയായിരുന്നു. ഫോർവേഡ് ഡാർവിൻ ന്യുനസിനെ സിറ്റി ഗോളി എഡേഴ്സൺ ബോക്സിനകത്ത് വീഴ്ത്തിയതിനാണ് ലിവറിന് അനുകൂലമായി പെനാൽറ്റി കിട്ടിയത്. എഡേഴ്സണ് മഞ്ഞക്കാർഡും കിട്ടി. പിന്നാലെ എഡേഴ്സൺ പരിക്കേറ്റ് മടങ്ങി. തുടർന്ന് ജർമ്മൻ ഗോൾ കീപ്പർ സ്റ്റെഫാൻ ഒർട്ടേഗയാണ് സിറ്റിയുടെ വലകാത്തത്. മത്സരത്തിൽ സിറ്റി താരങ്ങളുടെ രണ്ട് ഷോട്ടുകൾ പോസ്റ്റിലും ക്രോസ് ബാറിലും തട്ടിത്തെറിച്ചു. അവസാന നിമിഷങ്ങളിൽ കൂടുതൽ വാശിയേറിയ പോരാട്ടമാണ ്നടന്നത്. രണ്ടാം പകുതിയുടെ അധിക സമയത്ത് ലിവർപൂൾ താരങ്ങളുടെ രണ്ട് പെനാൽറ്റി അപ്പീലുകൾ നിരാകരിക്കപ്പെട്ടു.
ആഴ്സനൽ ഒന്നാമത്
ലിവർപൂൾ -സിറ്റി മത്സരത്തിന് മുമ്പ് നടന്ന പോരാട്ടത്തിൽ ബ്രെൻഡ്ഫോർഡിനെ 2-1ന് കീഴടക്കി ആഴ്സനൽ പോയിന്റ്വ ടേബിളിൽ ഇടവേളയ്ക്ക് ശേഷം ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. ഗണ്ണേഴ്സിന്റെ തുടർച്ചയായ എട്ടാം ജയമായിരുന്നു ഇത്. 28 മത്സരങ്ങളിൽ നിന്ന് ആഴ്സനലിന് 64 പോയിന്റാണുള്ളത്. ലിവർപൂളും സിറ്റിയും സമനിലയിൽ പിരിഞ്ഞതോടെ ആഴ്സനലിന് ഒന്നാം സ്ഥാനത്ത് തുടരാനാകും. ലിവർപൂളിനും 64 പോയിന്റാണിപ്പോൾ ഉള്ളതെങ്കിലും ഗോൾ വ്യത്യാസക്കണക്കിന്റെ പിൻബലത്തിൽ ആഴ്‌സനൽ ഒന്നാമതെത്തു. ലിവർപൂൾ രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള സിറ്റിയ്ക്ക് 63 പോയിന്റാണുള്ളത്.