cyber

കൊല്ലങ്കോട്: വീട്ടിലിരുന്ന് ഗൂഗിൾമാപ്പ് റിവ്യൂറേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാം എന്ന വാട്സാപ്പ് സന്ദേശം വിശ്വസിച്ച് സൈബർ തട്ടിപ്പുകാരുടെ വലയിൽ കൂടുങ്ങിയ വീട്ടമ്മയിൽ നിന്നും 10,01,000 രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊടുവായൂർ കുരുടൻകുളമ്പ് പിട്ടുപീടിക സായിദാസ് (34) എന്നയാളെ പാലക്കാട് സൈബർക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാജവ്യാപാരസ്ഥാപനത്തിന്റെ മറവിൽ വിവിധ ബാങ്കുകളിൽ അക്കൗണ്ട് തുറന്നാണ് തട്ടിപ്പ് സംഘം കമ്മീഷൻ കൈപ്പറ്റി വരുകയായിരുന്നു. ഇയാളുടെ രണ്ട് അക്കൗണ്ടുകളിലൂടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മൂന്നരക്കോടിയോളം രൂപ കൈകാര്യം ചെയ്തതായിട്ടാണ് പ്രാഥമിക നിഗമനം. വീട്ടമ്മയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പാലക്കാട് സൈബർ പൊലീസ് തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ വിശകലനം ചെയ്തതിൽ നിന്നാണ് വ്യാജ വ്യാപാര സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ട് ഉടമയിലേക്ക് എത്തിയത്.

ഡിവൈ.എസ്.പി ടി.ആർ.രാജേഷിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ പി.ഡി.അനൂപ് മോൻ, എസ്.ഐ വി.രാജേഷ്, എ.എസ്.ഐ എം.മനേഷ്, എസ്.സി.പി.ഒമാരായ എം.ഷിജു, എച്.ഹിറോഷ്, സി.പി.ഒ മാരായ നിയാസ്, വി.ഉല്ലാസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 1930 ൽ വിളിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതി ഉടൻ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.