
ടെൽ അവീവ് : ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ വിശുദ്ധ റംസാൻ വ്രതാരംഭത്തിന് തുടക്കം കുറിച്ച് ഗാസയിലെ ജനങ്ങൾ. തകർന്ന കെട്ടിടങ്ങൾക്കും ക്യാമ്പുകൾക്കും മുന്നിൽ ഞായറാഴ്ച രാത്രി തന്നെ പ്രാർത്ഥനകൾ ആരംഭിച്ചു.
ഭക്ഷ്യക്ഷാമവും പകർച്ചവ്യാധി ഭീഷണിയും നേരിടുന്ന ഗാസയിൽ റംസാൻ മാസാരംഭത്തിന് മുമ്പ് ആറാഴ്ചത്തെ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നേക്കുമെന്ന് യു.എസ് അടക്കം പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇസ്രയേൽ അംഗീകരിച്ച വെടിനിറുത്തൽ കരാർ ഹമാസ് അംഗീകരിക്കാത്തതാണ് കാരണം.
എന്നാൽ വെടിനിറുത്തലിനുള്ള ശ്രമങ്ങൾ തുടരുമെന്ന് യു.എസ്, ഖത്തർ, ഈജിപ്റ്റ് എന്നിവർ അറിയിച്ചു. ഗാസയിലേക്ക് കൂടുതൽ ഭക്ഷണമെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി. ഇതിനിടെ ഗാസയിലെ മരണം 31,100 കടന്നു. ഇതിൽ 13,000ത്തിലേറെ പേർ ഹമാസ് തീവ്രവാദികളാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെടുന്നു.