
മോസ്കോ: തൊഴിൽത്തട്ടിപ്പിനിരയായി റഷ്യയിലെത്തിയ തങ്ങളെ രക്ഷിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്ന നാല് നേപ്പാൾ പൗരന്മാരുടെ വീഡിയോ പുറത്ത്. യുക്രെയിനെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതായ തങ്ങളെ സഹായിക്കാൻ നേപ്പാൾ ഭരണകൂടം തയാറാകുന്നല്ലെന്നും ഇവർ അവകാശപ്പെടുന്നു. റഷ്യൻ ആർമിയിൽ സെക്യൂരിറ്റി ഹെൽപ്പറായി ജോലി വാഗ്ദ്ധാനം ചെയ്ത ഏജന്റ് വഴിയാണ് റഷ്യയിലെത്തിയതെന്ന് ഇവർ പറയുന്നു. 30ലേറെ പേർ തട്ടിപ്പിനിരയായി. എല്ലാവരെയും യുദ്ധമുഖത്തെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു. പലർക്കും ഗുരുതര പരിക്കേറ്റെന്നും ഇവർ കൂട്ടിച്ചേർത്തു. ഇതേ രീതിയിൽ യുദ്ധമുഖത്ത് കുടുങ്ങിയ 20ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയം തുടങ്ങിയതിന് പിന്നാലെയാണ് ഇവർ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. വ്യാജ ഏജന്റുമാർ വഴി റഷ്യൻ സൈന്യത്തിലെത്തപ്പെട്ട രണ്ട് ഇന്ത്യക്കാർ നേരത്തെ കൊല്ലപ്പെട്ടിരുന്നു.