shami

ന്യൂഡല്‍ഹി:ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പന് മുമ്പ് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി ബി.സി.സി.ഐ സെക്രട്ടറഇ ജയ് ഷാ. ശസ്ത്രിക്രയയെ തുടര്‍ന്ന് വിശ്രമിക്കുന്ന സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വരുന്ന ഐ.പി.എല്‍ സീസണും ട്വന്റി-20 ലോകകപ്പ് നഷ്ടമാകുമെന്ന് പി.ടി.ഐയക്ക് നല്‍കിയ അഭിമുഖത്തില്‍ ജയ് ഷാ വ്യക്തമാക്കി. ഷമി സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

സെപ്തംബറോടുകൂടിയെ ഷമിക്ക് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനാകൂ. സെപ്തംബറിലെ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലൂടെയാകും ഷമിയുടെ തിരിച്ചുവരവെന്നും ഷാ പറഞ്ഞു. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഷമി കളത്തിലിറങ്ങിയിട്ടില്ല. ഏകദിന ലോകകപ്പില്‍ മികച്ച പ്രകടമാണ് ഷമിയുടെ അഭാവം ഇന്ത്യയ്ക്ക് ട്വന്റി-20 ലോകകപ്പിലും ഗുജറാത്ത് സൂപ്പര്‍ ജയ്ന്റ്‌സിന് ഐ.പി.എല്ലിലും വലിയ നഷ്ടമാണ്.

അതേസമയം കാറപകടത്തെ തുടര്‍ന്ന് 15 മാസമായി കളത്തിന് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ ട്വന്റി-20 ലോകകപ്പ് സാധ്യതകളെപ്പറ്റിയും ഷാ വിവരിച്ചു. കീപ്പ് ചെയ്യാനാകുമെങ്കില്‍ അദ്ദേഹം ലോകകപ്പ് ടീമിലുണ്ടാകുമെന്നാണ് ഷാ പറഞ്ഞത്. പന്ത് ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ല. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ബാറ്ററായി താരം കളിക്കുമെന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ അദ്ദേഹം പരിശീലന മത്സരം കളിക്കുന്നുണ്ട്. പന്തിന് അധികം വൈകാതെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പന്ത് ടീമിലുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് അതൊരു മുതല്‍ക്കൂട്ടാണ്. കീപ്പ് ചെയ്യാന്‍ കഴിയുമെങ്കില്‍ പന്ത് ലോകകപ്പ് ടീമിലുണ്ടാകും. ഐ.പി.എല്ലില്‍ പന്ത് എങ്ങനെ കളിക്കുന്നുവെന്ന് നോക്കാം.- ഷാപറഞ്ഞു.

അതേസമയം പന്തിനെക്കുറിച്ചുള്ള ഷായുടെ പരാമര്‍ശം മലയാളി താരം സഞ്ജു സാംസണിന്റെയും ജിതേഷ് ശര്‍മ്മയുടേയും ധ്രുവ് ജുറലിന്റെയും മറ്റും ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ്. ഏകദിന ലോകകപ്പില്‍ വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനം കാഴ്ചവച്ച കെ.എല്‍. രാഹുല്‍ തന്നെയാകും ട്വന്റി-20 ലോകകപ്പിലും വിക്കറ്റ് കീപ്പറാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുലും പരിക്കിന്റെ പിടിയിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം അദ്ദേഹം കളിച്ചിരുന്നില്ല. എന്നാല്‍ താരം ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയിന്റ്‌സിനായി കളത്തലിറങ്ങുമെന്നാണ് വിവരം. 2 വിക്കറ്റ് കീപ്പര്‍മാരായിരിക്കും ലോകകപ്പ് ടീമിലുണ്ടാവുക.