
തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് (20631) രണ്ടാം വന്ദേഭാരത് ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടി. സർവീസ് ദീർഘിപ്പിച്ചതിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും. തുടർന്ന് മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് സർവീസ് നടത്തും.
ബുധനാഴ്ച മുതലാണ് ഇരുദിശയിലേക്കും റെഗുലർ സർവീസ്. രാവിലെ 6.15നാണ് മംഗളൂരുവിൽനിന്ന് സർവീസ് തുടങ്ങുന്നത്. 6.57ന് കാസർകോട് എത്തും. മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ല.
വൈകിട്ട് 4.05ന് തിരുവനന്തപുരത്തുനിന്ന് യാത്രതുടങ്ങുന്ന വന്ദേഭാരത് (20632) രാത്രി 12.40ന് മംഗളൂരുവിൽ എത്തും. രാത്രി 11.45ന് കാസർകോട്ട് (നിലവിൽ 11.48) എത്തും. 11.48ന് മംഗളൂരുവിലേക്ക് തിരിക്കും. റേക്കുകളുടെ അറ്റകുറ്റപ്പണി ഇനി മംഗളൂരുവിലാകും നടക്കുക.
വന്ദേഭാരതിലൂടെ കൂടുതൽ യാത്രാ സൗകര്യം ഒരുക്കാനായെന്നും കൂടുതൽ വന്ദേഭാരത് ട്രെയിനുകൾക്കു വേണ്ടി ആവശ്യം ഉയരുന്നുണ്ടെന്നും തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ മനീഷ് തപ്യാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള ട്രാക്കുകൾ ബലപ്പെടുത്തി വേഗം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ട്രെയിനുകളുടെ ബാഹുല്യം കൊണ്ടാണ് വേഗംകൂട്ടൽ ഉൾപ്പെടെ പാളത്തിലെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ച വേഗം ഉണ്ടാകാത്തത്. വളവുകൾ നിവർത്തിയും സിഗ്നൽ സംവിധാനം നവീകരിച്ചുമാകും ട്രെയിനുകളുടെ വേഗംകൂട്ടുക. ഭൂമി ഏറ്റെടുക്കൽ വേണ്ടിവരില്ല. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത കൈവരിക്കുകയാണ് ലക്ഷ്യം.