kochi

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഏറ്റവുമധികം വികസനം കാത്തിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ് മണ്ഡലത്തിലുള്ളത്. ഈ പദ്ധതികളെക്കുറിച്ച് 14 നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള ഒരു വിലയിരുത്തല്‍ നടത്തുന്ന പരമ്പരയ്ക്ക് തുടക്കമിടുന്നു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ എറണാകുളം മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും കുറിച്ച്....

മെട്രോ, വാട്ടര്‍ മെട്രോ, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം, വാട്ടര്‍ മെട്രോ വ്യാപിപ്പിക്കല്‍, എന്‍.എച്ച്-66, എലവേറ്റഡ് ഹൈവേ, എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, സൗത്ത്- നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, രാജീവ് ഗാന്ധി തുറമുഖം എന്നിവയാണ് എറണാകുളത്തെ വികസന പട്ടികയില്‍ മുന്നിലുള്ളത്.

ഇതില്‍ മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭിച്ചു കഴിഞ്ഞു. റോഡ് വീതികൂട്ടല്‍ ഉള്‍പ്പെടെയുള്ളവ അതിവേഗത്തിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 2025 പകുതിയോടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കി വര്‍ഷവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ അനുവദിച്ചിരിക്കുന്ന ഫണ്ട് കൃത്യമായി ലഭ്യമാക്കലിന് ഉള്‍പ്പെടെ എം.പിയുടെ ഇടപെടല്‍ അനിവാര്യമായി വരും.

റെയില്‍വേ സ്റ്റേഷന്‍ വികസനം

കാലങ്ങളായി മുടങ്ങിക്കിടന്ന എറണാകുളം നോര്‍ത്ത്- സൗത്ത് റെയില്‍വേ സ്റ്റേഷനുകളുടെ വികസനം യാഥാര്‍ത്ഥ്യമാകുകയാണ്. 670കോടിയോളം രൂപയാണ് രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തതിനായി മുടക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എറണാകുളം തോപ്പുംപടി ഫിഷിംഗ് ഹാര്‍ബര്‍ വികസനവും യാഥാര്‍ത്ഥ്യകേണ്ടതുണ്ട്. അങ്കമാലി- കുണ്ടന്നൂര്‍ സമാന്തര ബൈപ്പാസും കൊച്ചി - തേനി ബൈപ്പാസുമെല്ലാം യാഥാര്‍ത്ഥ്യത്തിലേക്കാണെന്ന് എം.പി അവകാശപ്പെടുമ്പോഴും പദ്ധതി നടപ്പാകേണ്ടതുണ്ട്.

കൊച്ചിന്‍ ഫിഷിംഗ് ഹാര്‍ബര്‍

കൊച്ചിന്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നവീകരണവും ആധുനികവല്‍ക്കരണവും അതിവേഗം പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാല്‍ അതിന് ഇനിയും കടമ്പകള്‍ ഏറെയാണ്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ഉപകാരപ്രദമാകുന്ന പദ്ധതി പൂര്‍ത്തിയായാല്‍ കൂടുതല്‍ തൊഴിലവസരങ്ങളും തുറക്കപ്പെടും.

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (എഫ്.ഐ.ഡി.എഫ്), സാഗര്‍മാല പദ്ധതി, പ്രധാന്‍മന്ത്രി മത്സ്യ സമ്പദ് യോജന എന്നിവയ്ക്ക് കീഴില്‍ ആധുനിക ഫിഷിംഗ് ഹാര്‍ബറുകളുടെയും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളുടെയും വികസനത്തിനുള്ള 7,500 കോടി രൂപയുടെ പദ്ധതികളിലാണ് ഇതും വരുന്നത്. ഫണ്ട് ലഭ്യമാക്കലാണ് വെല്ലുവിളി.


അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസ്

കേന്ദ്രാനുമതി ലഭിച്ച് സ്ഥലമേറ്റെടുക്കല്‍ നടപടികളിലേക്ക് കടന്ന അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. ദേശീയ പാത 544-ന് തുടര്‍ച്ചയെന്ന രീതിയില്‍ ആരംഭിക്കുന്ന ബൈപാസ് ആലുവ, കുന്നത്തുനാട്, കണയന്നൂര്‍ താലൂക്കുകളിലൂടെയായിരിക്കും കടന്നു പോകുന്നത്. ബൈപ്പാസിന്റെ പ്രാഥമിക അലൈന്‍മെന്റ് പൂര്‍ത്തിയായിരുന്നു. 50 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന ദൂരം.

കമ്മട്ടിപ്പാടത്ത് ട്രെയിന്‍ ഹാള്‍ട്ട്

കമ്മട്ടിപ്പാടത്ത് 110 ഏക്കര്‍ സ്ഥലം റെയില്‍വേയുടേതായി കിടപ്പുണ്ട്. ഈ സ്ഥലം കാര്യക്ഷമമായി വിനിയോഗിക്കണമെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഇതിന് കൃത്യമായ പദ്ധതിയൊരുക്കിയാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഹാള്‍ട്ട് ചെയ്യതുന്നതിനുള്‍പ്പെട സൗകര്യമൊരുങ്ങും. ഇത്തരം പദ്ധതികള്‍ ആലോചനകളില്‍ കുരുങ്ങിപ്പോകാതെ സമയബന്ധിതമായി നടപ്പാക്കാന്‍ അടുത്ത എം.പി ആരായാലും മുന്‍കൈയെടുക്കണം.

പി. രംഗദാസ പ്രഭു
ജില്ലാ പ്രസിഡന്റ്, എറണാകുളം ഡിസ്ട്രിക്ട് റെസിഡന്‍സ് അസോസിയേഷന്‍ അപ്പെക്സ് കൗണ്‍സില്‍ (എഡ്രാക്)

മെട്രോ ദീര്‍ഘിപ്പിച്ചാല്‍ ആ സ്ഥലങ്ങള്‍ കൂടി വികസന പാതയിലേക്ക് വരും. രണ്ടാം ഘട്ടത്തില്‍ ഒതുങ്ങാതെ ദീര്‍ഘിപ്പിക്കല്‍ സംബന്ധിച്ചുള്ള കൂടുതല്‍ ആലോചനകള്‍ക്ക് ഇനി വരുന്ന എം.പി മുന്‍കൈയെടുക്കണം.

നിലവില്‍ വാട്ടര്‍മെട്രോ ദൈനംദിന യാത്രക്കാര്‍, ടൂറിസ്റ്റുകള്‍ എന്നതില്‍ ഒതുങ്ങിയാണ് പ്രവര്‍ത്തനം. ഇത് സാമൂഹിക-സാമ്പത്തിക വികസന കാഴ്ചപ്പാടോടെ കുറച്ചുകൂടി വ്യാപകമാക്കണം. ഉദാഹരണത്തിന് ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകളെ കൂടി കോര്‍ത്തിണക്കണം. പുരുഷ- സ്ത്രീ സഹായ സംഘങ്ങളെ കൂടി പരിഗണിക്കണം. ടൂറിസത്തെ കൂടുതല്‍ പരിഗണിച്ച് ഇത്തരം മേഖലകളെക്കൂടി പരിഗണിച്ചാല്‍ ആ മേഖലകള്‍ കൂടി സാമ്പത്തികമായ മുന്നേറ്റങ്ങള്‍ ഉണ്ടാകും.

സന്തോഷ് ജേക്കബ്
സോഷ്യല്‍ വെല്‍ഫെയര്‍ ആക്ഷന്‍ അലയന്‍സ് സൊസൈറ്റ്