
ലണ്ടൻ : തെക്കൻ അറ്റ്ലാൻഡിക് സമുദ്രത്തിൽ ബ്രിട്ടീഷ് അധീനതയിലുള്ള സൗത്ത് ജോർജിയ ദ്വീപിലെ 10 പെൻഗ്വിനുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. ദ്വീപിലെ കടൽ പക്ഷികളിലും സസ്തനികളിലും നേരത്തെ ലോകത്ത് ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കുന്ന മാരക വൈറസായ ഏവിയൻ ഇൻഫ്ലുവൻസ ( എച്ച് 5 എൻ 1 ) സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് ജെന്റൂ, കിംഗ് പെൻഗ്വിനുകളിലേക്കും പടർന്നതായാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പെൻഗ്വിനുകളുടെ പ്രധാന ആവാസ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് ഗവേഷകർ കാണുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവിടെ കടൽപക്ഷികളിൽ രോഗം കണ്ടെത്തിയത്. കിംഗ്, ജെന്റൂ പെൻഗ്വിനുകൾക്ക് പുറമേ മാകാറോനിസ്, ചിൻസ്ട്രാപ്സ് എന്നീ സ്പീഷീസുകളും ദ്വീപിലുണ്ട്. 1996ൽ ആദ്യമായി കണ്ടെത്തിയത് മുതൽ പതിവായി പക്ഷിപ്പനി ലോകത്തിന്റെ പല ഭാഗത്തും കണ്ടുവരുന്നുണ്ട്. എച്ച് 5 എൻ 1 പക്ഷിപ്പനി മനുഷ്യർക്കും മറ്റ് ജീവികൾക്കും പിടിപെടാം. 2020 മുതൽ മനുഷ്യരിലെ 12 എച്ച് 5 എൻ 1 കേസുകളാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ട് ചെയ്തത്.