
മോസ്കോ: റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ അഞ്ചാം തവണയും ഭരണത്തുടർച്ച ലക്ഷ്യമിട്ട് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. 15 മുതൽ 17 വരെയാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് പിന്നാലെ ഫലപ്രഖ്യാപനമുണ്ടാകും.
മേയിലാണ് സത്യപ്രതിജ്ഞ. യുക്രെയിനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലകളിലും വോട്ടെടുപ്പ് നടത്തുന്നുണ്ട്. സ്വതന്ത്രനായാണ് പുട്ടിന്റെ മത്സരം. നികലൊയ് ഖാറിറ്റോനോവ് ( കമ്മ്യൂണിസ്റ്റ് പാർട്ടി), ലിയനിഡ് സ്ലറ്റ്സകി (ലിബറൽ ഡെമോക്രാറ്റിക് പാർട്ടി), വ്ലാഡിസ്ലാവ് ഡാവൻകോവ് ( ന്യൂ പീപ്പിൾ പാർട്ടി) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.
ഇവർ ഭരണകൂടത്തിന്റെ പാവ സ്ഥാനാർത്ഥികളാണെന്നാണ് ആരോപണം. പ്രതിപക്ഷ അംഗമായ ബോറിസ് നാഡെഷ്ഡിൻ അടക്കം യുക്രെയിൻ യുദ്ധത്തെ എതിർക്കുന്നവരെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയിരുന്നു.
പ്രതിപക്ഷവും മാദ്ധ്യമങ്ങളും പൂർണമായും തന്റെ നിയന്ത്രണവലയത്തിലായതിനാൽ
71കാരനായ പുട്ടിൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. പുട്ടിന് നിലവിൽ രാജ്യത്ത് 85 ശതമാനം ജനപിന്തുണയുണ്ടെന്നാണ് സർവേ ഫലം. ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവാണ് പുട്ടിൻ. കുറഞ്ഞത് 2030 വരെയെങ്കിലും അദ്ദേഹം പദവിയിൽ തുടരും.
2018ൽ 76.7% വോട്ടോടെയായിരുന്നു പുട്ടിന്റെ ജയം. 1999ൽ ബോറിസ് യെൽറ്റ്‌സിന് കീഴിൽ പ്രധാനമന്ത്രിയായ പുട്ടിൻ 2000ത്തിൽ ആദ്യമായി പ്രസിഡന്റ് പദവിയിലെത്തി. അന്ന് മുതൽ പ്രധാനമന്ത്രി പദമോ പ്രസിഡന്റ് പദമോ മുൻ ഇന്റലിജൻസ് ഓഫീസർ കൂടിയായ പുട്ടിന് സ്വന്തമാണ്.
അതേ സമയം, തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണം സൃഷ്ടിച്ച പ്രതിഷേധം തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലമിക്കുമെന്ന് വ്യാപകമായി ഉറ്റുനോക്കുന്നു.
ബ്ലാക്ക് ബെൽറ്റ് പുട്ടിൻ
ജനനം - 1952 ഒക്ടോബർ 7ന്, ലെനിൻഗ്രാഡിൽ ( സെന്റ് പീറ്റേഴ്സ്ബർഗ് )
വിദ്യാഭ്യാസം - ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം
ജൂഡോയിൽ ബ്ലാക്ക് ബെൽറ്റ്
1975 - 1990 വരെ സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയിൽ. സീക്രട്ട് ഏജന്റായി ജോലി
1990 - 1991 സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ സെന്റ് പീറ്റേഴ്സ്ബർഗ് മേയറുടെ വിദേശകാര്യ ഉപദേഷ്ടാവ്
1996- ക്രെംലിനുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി
1998 - എസ്.എസ്.ബി ( കെ.ജി.ബിയുടെ പുതിയ രൂപം ) തലപ്പത്തേക്ക്
1999 - ബോറിസ് യെൽറ്റ്‌സിന് കീഴിൽ പ്രധാനമന്ത്രി
2000 - പ്രസിഡന്റ് പദവിയിൽ
2004 - പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രനായി പ്രചാരണം
2007 - ടൈം മാഗസിന്റെ പേഴ്സൺ ഒഫ് ദ ഇയർ
2008 - പ്രധാനമന്ത്രി പദത്തിൽ
2012 - പ്രസിഡന്റായി തിരിച്ചെത്തി
2014 - ഫോബ്സ് മാഗസിൻ ലോകത്തെ ഏറ്റവും ശക്തനായ വ്യക്തിയായി തിരഞ്ഞെടുത്തു
2014 - ക്രൈമിയ പിടിച്ചെടുത്തു, യുക്രെയിനുമായുള്ള സംഘർഷങ്ങൾക്ക് തുടക്കം
2018 - 76.7 ശതമാനം വോട്ടോടെ വീണ്ടും പ്രസിഡന്റ് പദത്തിൽ
2021 - 2036 വരെ അധികാരത്തിൽ തുടരുന്നതിനു നിയമഭേദഗതിയിൽ ഒപ്പുവച്ചു