
എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ലോകത്തെ അതിഭീകരൻമാരായ അഗ്നിപർവതങ്ങൾ .
മൗണ്ട് മെറാപി, ഇന്തോനേഷ്യ
5 മുതൽ 10 വർഷം വരെയുള്ള ഇടവേളകളിലാണ് മൗണ്ട് മെറാപി പൊട്ടിത്തെറിക്കുന്നത്. യോഗ്യാകാർട്ട എന്ന ചെറുപട്ടണത്തിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ അഗ്നിപർവതത്തിൽ നിന്നുള്ള ലാവയും ചാരവും പ്രദേശത്ത് കൃഷിക്കനുയോജ്യമായ മണ്ണ് രൂപപ്പെടുന്നതിന് കാരണം. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മെറാപിയെ സംബന്ധിച്ച മ്യൂസിയം ഇവിടെയുണ്ട്. അഗ്നിപർവതത്തെ കാണാനുള്ള ഒബ്സർവേഷൻ ടവറും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉയരം - 9,547 അടി. ആകെ 127 സജീവ അഗ്നിപർവതങ്ങൾ ഇന്തോനേഷ്യയിലുണ്ടെന്നാണ് കണക്ക്.
മൗണ്ട് സ്ട്രോംബോളി, ഇറ്റലി
ലോകത്തിലെ ഏറ്റവും പ്രസിദ്ധവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ് മൗണ്ട് സ്ട്രോബോളി. ഇയോലിയൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവതത്തിലേക്ക് ബോട്ട് മാർഗമേ എത്താൻ കഴിയു. 1932ൽ പൊട്ടിത്തെറിച്ചതിന് ശേഷം ചെറിയ സ്ഫോടനങ്ങൾ ഇവിടെ സാധാരണമാണ്. കഴിഞ്ഞ ജൂലായിൽ ഇത്തരത്തിലെ ഒരു ചെറുസ്പോടനത്തിൽ ഒരാൾ മരിച്ചിരുന്നു. ഉയരം - 3,031 അടി.
കിലോയ, ഹവായി
ലോകത്തെ ഏറ്റവും സജീവമായ അഗ്നിപർവതം ഹവായിയിലാണ് സ്ഥിതി ചെയ്യുന്നത്. കിലോയയെ കൂടാതെ വേറെയും നാല് അഗ്നിപർവതങ്ങൾ ഹവായിൽ ഉണ്ട്. ആറ് ലക്ഷത്തോളം പ്രായമുണ്ടെന്ന് കരുതപ്പെടുന്ന കിലോയ മൗനലോയ എന്ന ഭീമൻ അഗ്നിപർവതത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 1983മുതൽ കിലോയയിൽ നിന്നും സജീവമായി ലാവ പ്രവഹിക്കുന്നുണ്ട്. ഉയരം - 4,009 അടി.
പകായ, ഗ്വാട്ടിമാല
പകായ അഗ്നിപർവതം ഗ്വാട്ടിമാല നഗരത്തിന് സമീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കാർ റൈഡിനായും ഹൈക്കിംഗിനായും നിരവധി പേർ എത്താറുണ്ട്. ഫ്യൂഗോ, സാന്റിയോഗ്വിറ്റോ എന്നീ സജീവ അഗ്നിപർവതങ്ങളും പകായയ്ക്ക് സമീപമാണ്. സുശുപ്തിയിലാണ്ടതും നിർജീവമായതുമുൾപ്പെടെ 34ഓളം അഗ്നിപർവതങ്ങൾ കൂടി ഗ്വാട്ടിമാലയിലുണ്ട്. ഉയരം - 8,428 അടി.
മൗണ്ട് എറ്റ്ന, ഇറ്റലി
കാഴ്ചഭംഗിയുടെ കാര്യത്തിൽ ഒരുപടി മുന്നിലാണ് മൗണ്ട് എറ്റ്ന. ഇറ്റലിയിലെ സിസിലി ദ്വീപിലാണ് എറ്റ്ന സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും സജീവ അഗ്നിപർവതമാണ് എറ്റ്ന. 2,000 വർഷങ്ങളായി എറ്റ്ന തീത്തുപ്പുന്നു. നിരവധി പേർ ഹൈക്കിംഗിനായി ഈ പ്രദേശത്ത് എത്താറുണ്ട്. ശൈത്യക്കാലത്ത് എറ്റ്നയുടെ മേൽ മഞ്ഞ് പുതയ്ക്കാറുണ്ട്. സ്കീയിംഗിനായും ശൈത്യകാലത്ത് ഇവിടെ ആളുകൾ എത്താറുണ്ട്. 2014 മുതൽ എറ്റ്നയിൽ നിന്നും ചെറു പൊട്ടിത്തെറികൾ ഉണ്ടാകുന്നുണ്ട്. ഉയരം - 10,810 അടി.
വെസൂവിയസ്, ഇറ്റലി
അഗ്നിപർവതങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭീകരനാണ് വെസൂവിയസ്. ഇപ്പോൾ ഏകദേശം നിദ്രയിലാണെങ്കിലും ഏത് നിമിഷവും ഒരു ഉഗ്ര സ്ഫോടനം ഉണ്ടായേക്കാം. എ.ഡി. 79ൽ പോംപെ, ഹെർക്കുലേനിയം നഗരങ്ങളെ തകർത്തെറിഞ്ഞ വെസൂവിയസിന്റെ ചരിത്രം അതിപ്രസിദ്ധമാണ്. വെസൂവിയസി ഇനി സംഹാരതാണ്ഡവമാടിയാൽ ഏകദേശം 2 ദശലക്ഷം ജനങ്ങളെ അത് ബാധിക്കുമെന്നാണ് കരുതുന്നത്. 1944ലാണ് വെസൂവിയസ് അവസാനമായി പൊട്ടിത്തെറിച്ചത്. ഉയരം - 4,203 അടി.