
മുംബയ്: രാജ്യത്തെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഭിക്ഷാടനം നടത്തുന്നയാളുടെ ആസ്‌തി ഏഴരക്കോടി രൂപ. 54കാരനായ ഭാരത് ജെയിനാണ് മുംബയ് ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ (സിഎസ്‌ടി) ഭിക്ഷാടനം നടത്തുന്ന കോടീശ്വരൻ.
ദക്ഷിണ മുംബയിൽ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലാണ് ജെയിൻ താമസിക്കുന്നത്. ഭാര്യയും രണ്ട് മക്കളും സഹോദരനും അച്ഛനുമാണ് ജെയിനിനൊപ്പം ഈ രണ്ടുമുറി ഫ്ലാറ്റിൽ കഴിയുന്നത്. ഭിക്ഷ യാചിക്കുന്നതിലൂടെ ജെയിനിന് ഒരു മാസം 60,000 മുതൽ 75,000 രൂപ വരെയാണ് ലഭിക്കുന്നത്. ദിവസവും രാവിലെ മുതൽ രാത്രി വരെ ഏകദേശം പത്ത് മുതൽ പന്ത്രണ്ട് മണിക്കൂറാണ് ജോലി ചെയ്യുന്നത്.
ഞായറാഴ്ചകളിൽ പോലും ഇയാൾ അവധിയെടുക്കാറില്ല. ദിവസവും 2000 മുതൽ 2500രൂപ വരെ ലഭിക്കുന്നുണ്ട്. മാത്രമല്ല, താനെയിൽ ഇയാൾ സ്വന്തം കട വാടകയ്‌ക്ക് നൽകിയിട്ടുണ്ട്. അതിൽ നിന്ന് മാസം 30,000രൂപയും വരുമാനമുണ്ട്. വൻ തുക ഫീസ് നൽകി കോൺവെന്റ് സ്കൂളിലാണ് ജെയിനിന്റെ മക്കൾ പഠിക്കുന്നത്.
മക്കൾ വളർന്നതോടെ ഈ ജോലി ഉപേക്ഷിക്കണമെന്ന് അച്ഛനോട് പറഞ്ഞെങ്കിലും ജെയിനിന് മടിയാണ്. മാത്രമല്ല, ഈ ജീവിതരീതി ഒഴിവാക്കാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു. 'പണത്തിനോട് ആർത്തിയൊന്നും ഇല്ല. ഇത് ശീലമായിപ്പോയി. കിട്ടുന്ന പണത്തിന് ഒരു ഭാഗം ക്ഷേത്രങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും നൽകാറുണ്ട്.' - ജെയിൻ പറഞ്ഞു.
ജെയിനിനെ പോലെ രാജ്യത്ത് യാചകരായ ഒട്ടേറെ കോടിപതികൾ വേറെയുമുണ്ട്. രാജ്യത്തെ കോടീശ്വരന്മാരായ യാചകരുടെ എണ്ണം ഏകദേശം ഒന്നരലക്ഷം കോടിയുണ്ടെന്നാണ് റിപ്പോർട്ട്.