auto-driver

കൊച്ചി: പല പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളെ ആകർഷിക്കുന്നതിനായി കച്ചവടക്കാരും ഡ്രെെവർമാരും ഇംഗ്ലീഷ് നന്നായി സംസാരിക്കാറുണ്ട്. അത്തരത്തിലുള്ള നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കേരളത്തിലെ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ബ്രിട്ടീഷ് വ്ളോഗറായ സാക്കിയുടെ വീഡിയോയാണ് ഇത്. എടിഎം അന്വേഷിച്ച് നടന്ന അദ്ദേഹത്തെ ഒരു ഓട്ടോറിക്ഷാ ഡ്രെെവർ സഹായിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. തുടക്കം മുതൽ വളരെ നന്നായി ഡ്രെെവർ ഇംഗ്ലീഷ് സംസാരിക്കുന്നത് കണ്ട് സാക്കിയും ഒന്ന് അമ്പരന്നുപോകുന്നു.

ഫോർട്ട് കൊച്ചിയിലാണ് ഈ സംഭവം നടക്കുന്നത്. അവിടെ എത്തിയ സാക്കി ഒരു ഹോട്ടലിലാണ് താമസിച്ചത്. എന്നാൽ പണത്തിനായി കാർഡ് നൽകുമ്പോൾ ഹോട്ടലിലെ കാർഡ് റീഡർ കേടായതിനാൽ അദ്ദേഹത്തോട് എടിഎമ്മിൽ പോയി പണം എടുത്ത് വരാൻ അവർ ആവശ്യപ്പെട്ടു. അങ്ങനെയാണ് സാക്കി എടിഎം തപ്പി ഇറങ്ങുന്നത്. എന്നാൽ കൊച്ചിയിലെ വഴികൾ പരിചയമില്ലാത്ത സാക്കി ഇത് തന്നെ വല്ലാതെ വലയ്ക്കുന്നതായി പറഞ്ഞു. പിന്നാലെയാണ് ഓട്ടോ ഡ്രെെവറുമായി സംസാരിക്കുന്നത്. അഷ്റഫ് എന്നാണ് ഡ്രെെവറുടെ പേര്.

ഇയാളാണ് സാക്കിയെ എടിഎമ്മിൽ എത്തിക്കുന്നത്. അദ്യം മുതൽ വളരെ നന്നായി അഷ്റഫ് ഇംഗീഷ് സംസാരിക്കുന്നത് വീഡിയോയിൽ ഉണ്ട്. ഇന്ത്യയിലെ ഒരു ഓട്ടോറിക്ഷ ഡ്രെെവറിൽ നിന്ന് താൻ കേൾക്കുന്ന മികച്ച ഇംഗ്ലീഷാണ് ഇതെന്നും സാക്കി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കൂടാതെ അഷ്റഫിനോട് സാക്കി ഹിന്ദിയിൽ പേരെന്താണെന്ന് അന്വേഷിക്കുമ്പോൾ ഡ്രെെവർ ഹിന്ദിയിലാണ് മറുപടി നൽകുന്നത്. വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. ഡ്രെെവറെ പ്രശംസിച്ച് നിരവധി കമന്റുകളും വരുന്നുണ്ട്.

View this post on Instagram

A post shared by Zakky (@zakkyzuu)