s

സുപ്രീം കോടതിയുടെ കർശന നിർദ്ദേശമനുസരിച്ച് തിരഞ്ഞെടുപ്പ് ബോണ്ടുകൾ (ഇലക്ട്രൽ ബോണ്ട്)​ സംബന്ധിച്ച വിവരങ്ങൾ സ്റ്റേറ്ര് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ)​ കേന്ദ്ര തിര‌ഞ്ഞെടുപ്പ് കമ്മിഷന് കൈമാറിക്കഴിഞ്ഞു. ഈ വിവരങ്ങൾ നാളെ വൈകിട്ട് അഞ്ചിനു മുമ്പ് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. രാഷ്ട്രീയ കക്ഷികൾക്ക് കോടികൾ സംഭാവന നൽകിയത് ആരെല്ലാമെന്നും,​ ഏറ്റവും അധികം സംഭാവന കിട്ടിയത് ഏത് രാഷ്ട്രീയ കക്ഷിക്കെന്നും പൊതുജനങ്ങൾക്ക് നാളെ അറിയാം.

ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയത് ഇക്കഴിഞ്ഞ ഫെബ്രുവരി 15-നാണ്. ജനാധിപത്യത്തിന് ഭീഷണിയായ സംവിധാനമാണ് തിരഞ്ഞെടുപ്പു ബോണ്ട് പദ്ധതിയെന്നും,​ രാജ്യം സുതാര്യത ആവശ്യപ്പെടുന്നു എന്നുമായിരുന്നു കോടതി നിരീക്ഷണം. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന വ്യക്തികളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ നാളിതുവരെ വോട്ടർമാർക്ക് യാതൊന്നും അറിയില്ല. സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ട ശേഷമാണ് സുപ്രീം കോടതി ഇത് ഭരണഘടനാ വിരുദ്ധമാണെന്നും,​ അത് വിവരാവകാശത്തിന്റെ ലംഘനമാണെന്നും,​ ദാതാക്കളും രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഒന്നിനു പകരം മറ്റൊന്ന് (quid pro quo) എന്ന ക്രമീകരണത്തിന് വഴിവയ്ക്കുന്നതാണെന്നും വിധിച്ചത്.

അജ്ഞാതരായ ദാതാക്കളിൽ നിന്ന് രാഷ്ട്രീയ കക്ഷികൾക്ക് പണം സ്വീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് ഇലക്ടറൽ ബോണ്ടുകൾ. ബോണ്ട് വാങ്ങുമ്പോൾ ദാതാവ് അവരുടെ ഐഡന്റിറ്റി ബാങ്കിൽ വെളിപ്പെടുത്തണം, എന്നാൽ ബോണ്ടിൽ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തില്ല. ഇതാണ് ഭരിക്കുന്നവരെ വിലയ്ക്കെടുക്കാൻ സാധിക്കുന്ന ഇലക്ടറൽ ബോണ്ട് സംവിധാനം. എസ്.ബി.ഐയുടെ നിർദ്ദിഷ്ട ശാഖകളിൽ നിന്ന് ആയിരം,​ പതിനായിരം,​ ഒരുലക്ഷം,​ ഒരു കോടി എന്നിവയുടെ ഗുണിതങ്ങളിലാണ് ഇലക്ടറൽ ബോണ്ട് ഇഷ്യൂ ചെയ്തത്.

രാഷ്ട്രീയ പാർട്ടികളുടെ കോർപ്പറേറ്റ് ഫണ്ടിംഗിന് പ്രധാന കാരണം രാഷ്ട്രീയ പ്രക്രിയയെ സ്വാധീനിക്കുക എന്നതാണെന്നും,​ അത് കമ്പനിയുടെ ബിസിനസ് പ്രകടനം മെച്ചപ്പെടുത്തുമെന്നും പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ട്. ഒരു കമ്പനിക്ക് തങ്ങളുടെ എത്ര ലാഭ വിഹിതം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്ന് നേരത്തേ നിശ്ചയിച്ചിരുന്ന പരിധി ഇലക്ടറൽ ബോണ്ടുകളിലൂടെ നീക്കം ചെയ്യുകയുണ്ടായി. നഷ്ടത്തിലായ കമ്പനികൾക്കു പോലും പാർട്ടികൾക്ക് സംഭാവന നൽകാൻ ഇത് വഴിയൊരുക്കി. പിന്നീട് ഈ ലക്ഷ്യത്തോടെ ഷെൽ കമ്പനികൾ രൂപപ്പെടുന്ന കാഴ്ചയ്ക്കും രാജ്യം സാക്ഷിയായി.

ജനാധിപത്യം ചങ്ങാത്ത മുതലാളിത്തത്തിന്റെ ബാർട്ടർ സംവിധാനത്തിലൂടെ ജനങ്ങളെ വഞ്ചിക്കുന്ന രഹസ്യ ഇടപാടായി മാറുകയായിരുന്നു. നൽകുന്ന പണത്തിനു പകരമായി, ദാതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് നിയമങ്ങളും നയങ്ങളും പദ്ധതികളും നിർമ്മിക്കപ്പെടുന്ന സ്ഥിതിവിശേഷമായി. രാജ്യത്ത് സംഭവിക്കുന്ന അപകടകരമായ ഈ പ്രവണതയാണ് സുപ്രീം കോടതി വിധിയിലൂ‌ടെ തടയപ്പെട്ടത്. ആർ.ബി.ഐ നിയമം (സെക്ഷൻ 31)​ അനുസരിച്ച് നോട്ടുകളും ബോണ്ടുകളും പോലുള്ള കറൻസികൾ ഇഷ്യു ചെയ്യാൻ സെൻട്രൽ ബാങ്കിനു മാത്രമേ അധികാരമുള്ളൂ. ധനകാര്യ നിയമം ഉപയോഗിച്ച് കേന്ദ്ര സർക്കാർ ആർ,​ബി.ഐ നിയമം ഭേദഗതി ചെയ്തു. പുതിയ ക്ലോസ് 31 (3) അനുസരിച്ച് ഇലക്ടറൽ ബോണ്ടുകൾ ഇഷ്യു ചെയ്യാൻ ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിനെ അധികാരപ്പെടുത്താൻ കേന്ദ്ര സർക്കാരിന് അനുമതി നൽകുന്ന ഭേദഗതിയും കോടതി റദ്ദാക്കി.

ഒരു ധനകാര്യ ബില്ലിനുള്ള വ്യവസ്ഥകളുമായി ഇലക്ടറൽ ബോണ്ടുകൾക്ക് യാതൊരു ബന്ധവുമില്ല. റിസർവ് ബാങ്ക് നിയമം 1934, ജനപ്രാതിനിധ്യ നിയമം 1951, ആദായനികുതി നിയമം 1961, കമ്പനി നിയമം 2013 എന്നിങ്ങനെ ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിക്കുന്നതിനായി നിരവധി നിയമങ്ങൾ കേന്ദ്രം ഭേഗതി ചെയ്തിരുന്നു. രാഷ്ട്രീയ പാർട്ടികൾ സുതാര്യതയെ ഭയപ്പെടുന്നു എന്നതിന് തെളിവാണിത്. ഭൂരിപക്ഷമുള്ള ഏതു സർക്കാരിനും ഏതു ബില്ലും പാസാക്കാം, അത് നിയമമാകും. ഇന്ത്യയിൽ സ്വതന്ത്ര വോട്ട് ആശയം നിലവിലില്ല. അമേരിക്കയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ഭരണകക്ഷിയിലെ മുഴുവൻ അംഗങ്ങളും സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണം. ഇതിനർത്ഥം ഒരു ഭരണകക്ഷിയുടെ മുകൾത്തട്ടിലുള്ള കുറച്ചുപേർക്ക്,​ അവർ ആഗ്രഹിക്കുന്ന ഏതു നിയമവും പാസാക്കാനാകും എന്നാണ്. ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ, പൊതുജനാഭിപ്രായം തേടുന്നതിനുള്ള നടപടിക്രമങ്ങളും പാലിക്കപ്പെട്ടിരുന്നില്ല.

ജനപ്രാതിനിദ്ധ്യ നിയമം,​ ധനകാര്യ നിയമം, കമ്പനി നിയമം എന്നിവയിലെ എല്ലാ ഭേദഗതികളും ഭരണഘടനയുടെ ആർട്ടിക്കിൾ 19, 14 എന്നിവയുടെ ലംഘനമാണ്. ആർട്ടിക്കിൾ 19 വിവരാവകാശത്തെയും,​ ആർട്ടിക്കിൾ 14 സമത്വത്തിനുള്ള അവകാശത്തെയും സൂചിപ്പിക്കുന്നു, അവിടെ നിയമത്തിലെ ഏകപക്ഷീയത അനുവദനീയമല്ല. ഈ ആർട്ടിക്കിളുകൾ ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ഭാഗമാണ്, അവ ലംഘിക്കാനാകില്ല. ഇലക്ടറൽ ബോണ്ടുകൾക്കു പകരമായി പണം സ്വീകരിക്കുന്ന ഏക ബാങ്കായ എസ്.ബി.ഐയോട്,​ അവ ഇഷ്യു ചെയ്യുന്നത് നിർത്താൻ നിർദ്ദേശിച്ച സുപ്രീം കോടതി,​ ഇതുവരെയുള്ള ബോണ്ടുകളുടെ മുഴുവൻ വിശദാംശങ്ങളും തിരഞ്ഞെടുപ്പു കമ്മിഷന് സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം വേണമെന്ന ബാങ്കിന്റെ ആവശ്യം കോടതി അംഗീകരിച്ചുമില്ല. അതനുസരിച്ച് നൽകിയ വിവരങ്ങളാണ് നാളെ വെളിപ്പെടുക.

പൗരന്മാരുടെ ജാഗ്രതയുടെ ഫലമാണ് സുപ്രീം കോടതിയുടെ വിധി. രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മളാണ്. സുപ്രീം കോടതി വിധി ഓർമ്മിപ്പിക്കുന്നത്, നമ്മൾ ജനാധിപത്യത്തെ കണ്ണിലെണ്ണയൊഴിച്ച് കാത്തു സംരക്ഷിക്കേണ്ടതിന്റെ ജാഗ്രതയെക്കുറിച്ചാണ്. ഭരണഘടന തുറന്നിടുന്ന വിശാല ലോകം ഓരോ പൗരന്റെയും സ്വത്താണ്. അത് നഷ്ടപ്പെട്ടു കൂടാ.