yogi-adityanath

ലോകജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ലോകത്തിലെ പല വികസിത രാജ്യങ്ങളും ജനസംഖ്യാ വർദ്ധനവിനാൽ വെല്ലുവിളികൾ നേരിടുമ്പോൾ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് ഇതിൽ നിന്ന് വേറിട്ടുനിൽക്കുകയാണ്. 2047ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. രാജ്യത്തിന്റെ ഈ ലക്ഷ്യത്തിൽ മുഖ്യപങ്ക് വഹിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനിയാവുകയാണ് യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ബിമാരു

വളരെ മോശം സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളാൽ മുന്നോട്ടുപോകുന്ന സംസ്ഥാനമായാണ് കുറച്ചുനാൾ മുൻപുവരെ ഉത്തർപ്രദേശിനെ വിലയിരുത്തിയിരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വികസനം തുടങ്ങി വിവിധ മേഖലകളിൽ വളരെ മോശം പ്രകടനം കാഴ്‌ചവയ്ക്കുന്ന 'ബിമാരു' (BIMARU) സംസ്ഥാനങ്ങളുടെ കൂട്ടത്തിലായിരുന്നു യുപിയെയും ഉൾപ്പെടുത്തിയിരുന്നത്. ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയാണ് ബിമാരുവിലെ മറ്റ് സംസ്ഥാനങ്ങൾ. എന്നാൽ കഴിഞ്ഞ എട്ടുവർഷത്തിനിടെ ഉത്തർപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ കുതിപ്പ് രാജ്യത്തിന്റെ തന്നെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളിലൊന്നായി മാറിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവർഷംവരെ ഇന്ത്യയിലെ മൂന്നാമത് വലിയ സമ്പദ്‌വ്യവസ്ഥയായിരുന്ന യുപി ഇപ്പോൾ രണ്ടാമത് വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. 2026- 2027ഓടെ യുപിയെ ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറ്റുമെന്നാണ് യോഗി സർക്കാരിന്റെ വാഗ്ദാനം. ഇതിനായി റോഡ്‌മാപ്പ് തയ്യാറാക്കിയ സർക്കാർ പലവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശിന്റെ ലക്ഷ്യബോധത്തിൽ എല്ലാ ഇന്ത്യക്കാരും അഭിമാനംകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ പറഞ്ഞിരുന്നു. എല്ലാ സംസ്ഥാനങ്ങളും രാഷ്ട്രീയം മറന്ന് യുപിയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അണിയറയിൽ ഒരുങ്ങുന്നത്


യുപിയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കായി അനേകം പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. 2018ലെ ഉത്തർപ്രദേശ് നിക്ഷേപക ഉച്ചകോടിയിൽ 4.28 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കായി സർക്കാർ ധാരണാപത്രം ഒപ്പുവച്ചിരുന്നു. കൂടാതെ 2.09 കോടിയുടെ നിക്ഷേപ പദ്ധതികൾ നടപ്പിലാക്കിയതായി സംസ്ഥാന സർക്കാർ കഴിഞ്ഞമാസം നിയമസഭയിൽ അറിയിച്ചു. കൂടാതെ പല വൻകിട പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതിനുശേഷം ആദ്യത്തെ മൂന്ന് വർഷത്തിൽ നാല് ശതമാനം മാത്രമായിരുന്നു സംസ്ഥാനം വളർച്ച കൈകൊണ്ടത്. 2017- 18 കാലയളവിൽ വളർച്ച 4.4 ശതമാനമായി. 2018- 19 കാലയളവിൽ 3.9 ശതമാനവും കൊവിഡ് കാലത്തിന് തുടക്കത്തിൽ ഇത് 3.9 ശതമാനവുമായിരുന്നു. 2020- 21 കാലയളവിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 5.9 ശതമാനമായി ചുരുങ്ങിയിരുന്നു. ഈ സമയം ഉത്തർപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥ 5.5 ശതമാനമായിരുന്നു.

പിന്നീടുള്ള വർഷങ്ങളിൽ ഉത്തർപ്രദേശിന്റെ വളർച്ചാനിരക്കിൽ വലിയ കുതിപ്പാണുണ്ടായത്. 2021- 22 കാലയളവിൽ ഉത്തർപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥ 9 ശതമാനമായി വളർന്നു. 2023- 24 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 19 ശതമാനമായി ഉയർത്തുമെന്നാണ് ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ യുപി ധനകാര്യ മന്ത്രി സുരേഷ് ഖന്ന പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറുവർഷത്തിനിടെ ഉത്ത‌ർപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയാക്കാൻ സാധിച്ചുവെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ആളോഹരി വരുമാനം (PER CAPITA INCOME) ഇരട്ടിയാക്കാനും സാധിച്ചു. കൊവിഡ് പകർച്ചവ്യാധിയുടെ കാലത്താണ് ഈ നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് സാധിച്ചത്. അടുത്ത അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നാലിരട്ടി വളർച്ചയുണ്ടാകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിന്റെ ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യത്തിലെത്താൻ ഇനിയും ഏറെദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. സംസ്ഥാനത്തിന് ട്രില്യൺ ഡോളർ ലക്ഷ്യം കൈവരിക്കണമെങ്കിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി എസ് ഡി പി) വളർച്ചാ നിരക്ക് പ്രതിവർഷം 31.9 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധനായ യാശ്‌വിർ ത്യാഗി ചൂണ്ടിക്കാട്ടി. സുസ്ഥിര വള‌ർച്ചയുടെ പാതയിലാണ് ഉത്തർപ്രദേശ് എന്നും ത്യാഗി പറഞ്ഞു. പലവിധ നിക്ഷേപ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പ്രോജക്‌ടുകളും വികസനത്തിന്റെ പാതയിൽ മുന്നേറാൻ ഉത്തർപ്രദേശിനെ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.