□രാഷ്ട്രീയ,നിയമ പോരാട്ടം കടുപ്പിക്കാൻ രണ്ട് മുന്നണികളും
□ഹിന്ദു, ക്രിസ്ത്യൻ വോട്ട് സമാഹരണത്തിന് ബി.ജെ.പി
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധമെന്ന് ആരോപിക്കപ്പെട്ട പൗരത്വ ഭേദഗതി നിയമം പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും രാഷ്ട്രീയ, നിയമ പോരാട്ടം കടുപ്പിക്കും. മുസ്ലിം സമുദായത്തിന്റെ യഥാർത്ഥ സംരക്ഷകർ തങ്ങളാണെന്ന് വരുത്താനുള്ള രണ്ട് മുന്നണികളുടെയും മത്സരനീക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തീ പകരും.
മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന നിയമത്തിനെതിരെ വീണ്ടും തെരുവിലിറങ്ങിയുള്ള പ്രക്ഷോഭം മുന്നണികളും യുവജന സംഘടനകളും തിങ്കളാഴ്ച രാത്രി ആരംഭിച്ചുകഴിഞ്ഞു. 2019ൽ പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട ബില്ലിനെതിരെ അന്ന് തുടങ്ങിവച്ച സമരം ഇനി ആളിക്കത്തിക്കും. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പരമാവധി ഹിന്ദു, ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ശ്രമം.
പൗരത്വ ഭേദഗതി ബിൽ 2019ൽ നിയമമായപ്പോൾ, ആ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിയമം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതംഗീകരിച്ചിരുന്നില്ല. നിയമം ഭരണഘടനയ്ക്കും സമത്വത്തിനും എതിരാണെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. നിയമത്തിനെതിരെ എൽ.ഡി.എഫ് സംസ്ഥാനത്തുടനീളം പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കുകയും, കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യമതിൽ തീർക്കുകയും ചെയ്തു. നിയമത്തിനെതിരെ യു.ഡി.എഫും വിവിധ മുസ്ലിം സംഘടനകളും വ്യാപക പ്രതിഷേധ പ്രകടനങ്ങൾ നടത്തി.നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോൺഗ്രസിനു വേണ്ടി അന്നത്തെപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കക്ഷി ചേർന്നു. തിങ്കളാഴ്ചത്തെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരും അതിനുള്ള നീക്കത്തിലാണ്.
പരസ്പരം
പഴിചാരൽ
പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുമ്പോഴും പരസ്പരം പഴിചാരാനാണ്
സി.പി.എമ്മിന്റയും കോൺഗ്രസിന്റെയും ശ്രമം.നിയമത്തെ എതിർക്കുന്നതിൽ, കേരളത്തിലെ എതിർപ്പ് അവർ പാർലമെന്റിലും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാണിക്കുന്നില്ലെന്നാണ് സി.പി.എമ്മിന്റെ
വിമർശനം. പൗരത്വ നിയമത്തിനെതിരെ 2019ൽ നടന്ന സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ പൊലീസ് എടുത്ത 835 കേസുകളിൽ ഭൂരിഭാഗവും ഇനിയും സർക്കാർ പിൻവലിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
അസംബന്ധമെന്ന്
ബി.ജെ.പി
കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അസംബന്ധമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം. രാജ്യത്തിനാകെ ബാധകമായ നിയമത്തിൽ നിന്ന് ഒരു സംസ്ഥാനത്തിനും ഒഴിഞ്ഞു മാറാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര നീക്കത്തിൽ
ആശങ്ക
പൗരത്വത്തിനുള്ള അപേക്ഷകൾ ഓൺലൈനായാണ് സ്വീകരിക്കുന്നതെന്നും, ഇതിനായി പ്രത്യേക പോർട്ടൽ തുറക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ വഴി സ്വീകരിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നത് സെൻസസ് ഓപ്പറേഷൻ ഡയറക്ടർ അദ്ധ്യക്ഷനായ സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയും. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിലുള്ള പങ്ക് പരിമിതമാവും.