
സ്വന്തമായി കൃഷി ചെയ്ത് മികച്ച ലാഭം കൊയ്യുക എന്നത് എല്ലാ കർഷകരുടെയും ആഗ്രഹമാണ്. ചില കാര്യങ്ങൾ മുൻകൂട്ടി കണ്ട് കാർഷിക മേഖലയിലേക്ക് നിങ്ങളിറങ്ങുകയാണെങ്കിൽ ഒരിക്കലും പാരാജയപ്പെടില്ല. ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്നവയ്ക്ക് ഇന്ന് വിപണിയിൽ ആവശ്യക്കാരേറെയാണ്. വിദേശ രാജ്യങ്ങളിൽ ഇങ്ങനെയുളള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഇടം തന്നെയുണ്ട്. ഇത്തരത്തിൽ ലാഭം കൊയ്യാൻ സാധിക്കുന്ന കാർഷിക വിളകൾ ഏതെല്ലാമെന്ന് നോക്കാം.
1. കൂൺ കൃഷി

അധികം സ്ഥല സംവിധാനമില്ലാത്തവർക്കുപോലും ലാഭം നേടാൻ സഹായിക്കുന്ന ഒന്നാണ് കൂൺ കൃഷി. ഒറ്റത്തവണ 12,000 രൂപ മുടക്കുകയാണെങ്കിൽ പ്രതിമാസം 45,000 രൂപയുടെ ലാഭം ഇതുണ്ടാക്കി തരും. ഇത് ചെയ്യാൻ പ്രത്യേക സ്ഥലമൊന്നും ആവശ്യമില്ല. ഒരു ചെറിയ മുറിതന്നെ ഇതിന് ധാരാളം. എത്രനാൾ വേണമെങ്കിലും ഇവിടെ കൃഷി തുടരാം. അടുത്തുളള കൃഷി ഭവനിൽ നിന്നോ ഓൺലൈൻ വഴിയോ നല്ലയിനം കൂൺ വിത്തുകൾ വാങ്ങി കൃഷി ചെയ്യുകയാണെങ്കിൽ ഒരു മാസത്തിനുളളിൽ തന്നെ മികച്ച വരുമാനം ലഭിച്ചുതുടങ്ങും.
2. ചീര കൃഷി

ഏറ്റവും കൂടുതൽ പോഷകഗുണങ്ങളടങ്ങിയ ഒരു ഇലക്കറിയാണ് ചീര. അതിനാൽ തന്നെ ഒട്ടുമിക്കവർക്കും ചീര പ്രിയപ്പെട്ടതാണ്. മികച്ച രീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ 50 സെന്റ് സ്ഥലത്ത് നിന്ന് പ്രതിമാസം 25,000 രൂപയുടെ ലാഭം നേടാവുന്നതാണ്. ഇടവിളയായും ചീര കൃഷി ചെയ്ത് ലാഭം കൊയ്യാവുന്നതാണ്. തുച്ഛമായ വിലയിൽ ചീര വിത്തുകൾ നമുക്ക് വാങ്ങി അനുഭവ സമ്പത്തുളളവരുടെ അഭിപ്രായം കൂടി പരിഗണിച്ച് കൃഷി ചെയ്യുകയാണെങ്കിൽ ലാഭം കൊയ്യാം. സ്വന്തമായി പുരയിടം ഇല്ലാത്തവർക്കും മട്ടുപ്പാവുകളിൽ കൃഷി ചെയ്യാവുന്നതാണ്. ചീര കൃഷിക്ക് അധികം വളപ്രയോഗവും കീടനാശിനിയും വേണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത.
3. പപ്പായ കൃഷി

നാട്ടിൻപുറങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു വിളയാണ് പപ്പായ. ഇപ്പോഴത്തെ സാഹചര്യത്തിൽ പപ്പായക്ക് ആവശ്യക്കാരേറെയാണ്. പപ്പായ ജ്യൂസ് പലർക്കും പ്രിയപ്പെട്ടതാണ്. അതിനാൽ തന്നെ വേനലിൽ പപ്പായ ജ്യൂസ് കുടിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. വിശാലമായ സ്ഥല സംവിധാനമുളളവരാണ് നിങ്ങളെങ്കിൽ ചെയ്യാൻ പറ്റിയ ഒരു കൃഷിയാണിത്. പപ്പായയുടെ മികച്ചയിനം വിത്തുകളും തൈകളും വാങ്ങി കൃഷി ചെയ്യുകയാണെങ്കിൽ പത്ത് വർഷ കാലം വരെ മികച്ച വരുമാനം ലഭിക്കും. ഒരു ലക്ഷം മുടക്കിയാൽ പ്രതിമാസം ആറ് ലക്ഷം രൂപയുടെ ലാഭമുണ്ടാക്കിയെടുക്കാം. വിദേശരാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യാൻ കഴിയുന്ന ഇനം കൂടിയാണ് പപ്പായ.