manohar-lal-khattar

ചണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചു. ഗവർണർ ബന്ദാരു ദത്താരേയയെ നേരിട്ട് കണ്ട ഖട്ടർ രാജി സമർപ്പിക്കുകയായിരുന്നു. ബിജെപിയും ജെജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അപ്രതീക്ഷിത രാജി. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും തമ്മിൽ ഭിന്നത രൂക്ഷമായതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റുകളും ബിജെപിയാണ് നേടിയത്. ഇത്തവണ ഒരു സീറ്റ് പോലും ജെജെപിക്ക് നൽകില്ലെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്. എന്നാൽ രണ്ട് സീറ്റ് വേണമെന്ന ആവശ്യമാണ് ജെജെപി മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം, രാജിക്ക് മുന്നോടിയായി ബിജെപി എംഎൽഎമാരുടെയും സർക്കാരിന് പിന്തുണയ്ക്കുന്ന സ്വതന്ത്ര്യ എംഎൽഎമാരുടെയും യോഗം വിളിച്ചിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കാനുളള നീക്കം നടക്കുന്നുണ്ട്. എന്നാൽ ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല എംഎൽഎമാരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

2019 ഒക്ടോബറിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 90 സീറ്റിൽ 40 സീറ്റുകളാണ് ബിജെപി നേടിയത്. പത്ത് ജെജെപി എംഎൽഎമാരുടെ പിന്തുണയോടെ മനോഹർലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറുകായിരുന്നു. ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു.