
ഇന്ത്യയിലെ മാത്രമല്ല, ലോകത്തു ജീവിച്ചിരുന്ന എക്കാലത്തെയും വലിയ പത്ത് സമ്പന്നരിൽ ഒരാളായിരുന്നു ഉസ്മാൻ. ഇന്നത്തെ കണക്കുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിന്റെ ആസ്തി 230 ബില്യൺ ഡോളറോളം വരുമത്രേ !
ഇന്ത്യയിലെ എക്കാലത്തെയും വലിയ സമ്പന്നൻ ആരെന്ന ചോദ്യത്തിന് എന്തായിരിക്കും മറുപടി? സ്വാഭാവികമായും മുകേഷ് അംബാനിയുടെ പേരായിരിക്കും പലരുടെയും മനസിലെത്തുക. എന്നാൽ സ്വത്തിന്റെ കണക്കെടുത്താൽ അംബാനിയേയും അദാനിയേയും ടാറ്റയേയുമൊക്കെ പിന്നിലാക്കുന്ന ഒരാൾ അരനൂറ്റാണ്ടു മുമ്പ് ഇന്ത്യയിൽ ജീവിച്ചിരുന്നു! മിർ ഉസ്മാൻ അലി ഖാൻ. ഹൈദരാബാദ് നാട്ടുരാജ്യത്തിലെ അവസാന നൈസാം. ഇന്ത്യയിലെ മാത്രമല്ല, ലോകത്തു ജീവിച്ചിരുന്ന എക്കാലത്തെയും വലിയ പത്ത് സമ്പന്നരിൽ ഒരാളായിരുന്നു ഉസ്മാൻ. ഇന്നത്തെ കണക്കുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിന്റെ ആസ്തി 230 ബില്യൺ ഡോളറോളം (ഉദ്ദേശം 1,90,39,05,50,00,000 രൂപ) വരുമത്രേ! അതായത്, ഇന്ന് ലൂയി വീറ്റൺ മേധാവി ബെർനാർഡ് അർനോൾട്ടിന്റെയും (233.6 ബില്യൺ ഡോളർ), ടെസ്ല, എക്സ് മേധാവി ഇലോൺ മസ്കിന്റെയും (196.5 ബില്യൺ ഡോളർ) ആസ്തിക്കു തുല്യം.!
ടൈം മുഖചിത്രം
ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്നു ഹൈദരാബാദ്. 1911-ൽ 25-ാം വയസിലാണ് ഉസ്മാൻ ഹൈദരാബാദ് നൈസാം (ഭരണാധികാരി ) ആയി അധികാരത്തിലെത്തിയത്. 1948-ൽ ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാകുന്നതു വരെ പദവി വഹിച്ചു. 1937 ഫെബ്രുവരിയിൽ ടൈം മാഗസിന്റെ കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹത്തെ ലോകത്തെ ഏറ്റവും വലിയ ധനികനായാണ് അന്ന് വിശേഷിപ്പിച്ചത്.
തന്റെ നാട്ടുരാജ്യത്തെ കറൻസി അച്ചടിക്കാൻ (ഹൈദരാബാദി രൂപ) സ്വന്തം അച്ചടിശാല തന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സ്വകാര്യ ട്രഷറിക്ക് 100 മില്യൺ പൗണ്ട് (ഉദ്ദേശം 10,59,87,02,670 രൂപ ) മൂല്യം ഉണ്ടായിരുന്നതായി പറയുന്നു. ഇതു കൂടാതെ, 400 മില്യൺ പൗണ്ടിലേറെ (ഉദ്ദേശം 42,39,78,40,000 രൂപ ) മൂല്യമുള്ള രത്ന ശേഖരവും 50-ലേറെ റോൾസ് റോയ്സ് കാറുകളും ഉസ്മാൻ അലി ഖാന് ഉണ്ടായിരുന്നു.
ഉസ്മാന്റെ അളവറ്റ സമ്പത്തിന്റെ ഉറവിടം എന്താണ് ? പാരമ്പര്യമായി കൈമാറി വന്നതിനു പുറമേ ഗോൽകോണ്ട ഖനികൾ ഉസ്മാനെ സഹസ്ര കോടീശ്വരനാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അക്കാലത്ത് ലോകത്ത് വജ്രം ഉത്പാദിപ്പിച്ചിരുന്ന ഏക ഇടമായിരുന്നു ഇന്നത്തെ ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഗോദാവരി ഡെൽറ്റ മേഖലയിലെ ഗോൽകോണ്ട ഖനികൾ. ബ്ലൂ ഹോപ്പ്, ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ കോഹിനൂർ തുടങ്ങി ലോകപ്രശസ്തമായ രത്നങ്ങൾ മിക്കതും ഗോൽകോണ്ട ഖനികളുടെ സംഭാവനയാണ്.
ഡയമണ്ട് പേപ്പർവെയ്റ്റ്
ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ടുകളിൽ ഒന്നാണ് ജേക്കബ് ഡയമണ്ട്. ഇന്ന് ഏകദേശം 1000 കോടി രൂപ മൂല്യം വരുന്ന 184.75 കാരറ്റ് ഡയമണ്ട് വെറും പേപ്പർവെയ്റ്റായി അദ്ദേഹം ഉപയോഗിച്ചെന്നു പറഞ്ഞാൽ വിശ്വസിക്കാമോ? തന്റെ പിതാവും ഹൈദരാബാദിന്റെ ഒമ്പതാം നൈസാമുമായ മഹ്ബൂബ് അലി ഖാന്റെ മരണശേഷം അദ്ദേഹത്തിന്റെ ചെരുപ്പിൽ നിന്നാണ് ഉസ്മാന് ജേക്കബ് ഡയമണ്ട് ലഭിച്ചത്. ജേക്കബ് ഡയമണ്ടിനെ അശുഭകാരിയായാണ് മഹ്ബൂബ് കണ്ടിരുന്നത്. അതുകൊണ്ടാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ ഡയമണ്ടുകളിൽ ഒന്ന് അദ്ദേഹത്തിന്റെ ചെരുപ്പിൽ ഒതുങ്ങിയത്. കാലക്രമേണ ഇത് ഇന്ത്യൻ സർക്കാരിന്റെ കൈവശമായി.
രാജ്ഞിക്ക് നെക്ലേസ്
ബ്രിട്ടീഷുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഉസ്മാൻ, ഒന്നാം ലോക മഹായുദ്ധ ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്തിന് അന്നത്തെ 25 മില്യൺ പൗണ്ട് (ഉദ്ദേശം 2,64,09,70,000 രൂപ) ധനസഹായം നൽകിയിരുന്നു. പകരമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിശ്വസ്ത മിത്രമെന്ന പദവി അദ്ദേഹത്തിനു ലഭിച്ചു. റോയൽ എയർഫോഴ്സിന് ഒരു വിമാനം അദ്ദേഹം സമ്മാനിച്ചിരുന്നു. റോയൽ നേവിയുടെ പക്കലുണ്ടായിരുന്ന എച്ച്.എം.എ.എസ് നിസാം എന്ന യുദ്ധക്കപ്പലിന്റെ നിർമ്മാണത്തിലും സഹായിച്ചിരുന്നു. ഫിലിപ്പ് രാജകുമാരനുമായുള്ള എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് നിസാം ഒരു കാർട്ടിയെ ഡയമണ്ട് നെക്ലേസ് സമ്മാനിച്ചിരുന്നു. മരണം വരെ പല ആഘോഷവേളകളിലും രാജ്ഞി ഇത് ധരിച്ചിട്ടുണ്ട്.
ഹൈദരാബാദിന്റെ ശില്പി
ആധുനിക ഹൈദരാബാദിന്റെ ശില്പി കൂടിയാണ് ഉസ്മാൻ. ഉസ്മാനിയ യൂണിവേഴ്സിറ്റി, ഉസ്മാനിയ ജനറൽ ഹോസ്പിറ്റൽ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഹൈദരാബാദ്, ബെഗംപേട്ട് എയർപോർട്ട്, ഹൈദരാബാദ് ഹൈക്കോടതി എന്നിവ സ്ഥാപിച്ചത് ഉസ്മാനാണ്. ഉസ്മാൻ സാഗർ, ഹിമായത്ത് സാഗർ അണക്കെട്ടുകൾ നിർമ്മിച്ചത് ഉസ്മാന്റെ ഭരണകാലയളവിലാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഹൈദരാബാദിനെ ഇന്ത്യയോടു ചേർക്കാൻ ഉസ്മാൻ വിസമ്മതിച്ചു. ഹൈദരാബാദ് സ്വതന്ത്രമായി തുടരുകയോ പാകിസ്ഥാനിൽ ചേരുകയോ വേണമെന്നായിരുന്നു ഉസ്മാന്റെ ആഗ്രഹം. എന്നാൽ തൊട്ടടുത്ത വർഷം ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാക്കപ്പെട്ടു. നൈസാം എന്നത് സ്ഥാനപ്പേരായി ചുരുങ്ങി. 1967-ൽ 80-ാം വയസിലാണ് മരണം.