
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ - ദ വൈൽഡ് സോർസർർ സിനിമയുടെ ആദ്യ ഭാഗം ഈ വർഷം തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പൂക്കാട്ടുപടിയിലെ ലൊക്കേഷനിൽ തെന്നിന്ത്യൻ താരം അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്തു. അനുഷ്‌കയാണ് ചിത്രത്തിൽ നായിക. അനുഷ്‌കയുടെ മലയാള അരങ്ങേറ്റമാണ് കത്തനാർ. പ്രഭുദേവ അടുത്ത ആഴ്ച ലൊക്കേഷനിൽ ജോയിൻ ചെയ്യും. ഉറുമിയ്ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചലച്ചിത്രമാണ് കത്തനാർ.
വിനീത്, കോട്ടയം രമേശ്, ഹരീഷ് ഉത്തമൻ, സനൂപ് സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഗ്ലീംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടിരുന്നു. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലീംപ്സിന് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പത്തിൽ അധികം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
രചന ആർ രാമാനന്ദ്, ഛായാഗ്രഹണം നീൽ ഡി കുഞ്ഞ, ആക്ഷൻ ജംഗ്ജിൻ പാർക്ക്, കലൈ കിംഗ്സൺ, സംഗീതം രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ.