sabari-rail-project-

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാത പദ്ധതിയുടെ പകുതിച്ചെലവ് വഹിക്കുന്നതിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് ധനവകുപ്പ്. നിർമ്മാണച്ചെലവായി വേണ്ടിവരുന്ന 3800.93 കോടിയുടെ പകുതി 1900.47 കോടി കേരളം വഹിക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. ഇതുസംബന്ധിച്ച് മൂന്നുമാസമായി ധനവകുപ്പിന്റെ പരിഗണനയിലുള്ള ഫയൽ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കൈമാറി. ഉറപ്പു നൽകിയാൽ പിന്മാറാനാവില്ല എന്നതിനാൽ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളട്ടെയെന്നാണ് ധനവകുപ്പിന്റെ നിലപാട്.

പദ്ധതിച്ചെലവ് 2815 കോടിയായിരുന്നപ്പോൾ അതിന്റെ പകുതി വഹിക്കാൻ കിഫ്ബിയിൽ നിന്ന് പണം അനുവദിക്കാൻ 2021ജനുവരിയിൽ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. 2018ൽ ചെലവ് പങ്കിടലിൽ നിന്ന് പിന്മാറി. 3800.93കോടിയായി എസ്റ്റിമേറ്റ് പുതുക്കിയപ്പോഴാണ് പകുതിച്ചെലവിന് റെയിൽവേ രേഖാമൂലമുള്ള ഉറപ്പാവശ്യപ്പെട്ടത്. ഇതുസമ്മതിച്ച് സംസ്ഥാനം ഉത്തരവിറക്കുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്തശേഷമേ പുതിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡ് അംഗീകരിക്കൂ.

ശബരിപാതയ്ക്ക് പകരമായി ചെങ്ങന്നൂർ-പമ്പ പാതയുടെ സർവേ റെയിൽവേ നടത്തുന്നതിനാൽ അതിന്റെ വിശദാംശങ്ങൾ അറിഞ്ഞശേഷമാവാം ചെലവു പങ്കിടുന്നതിൽ തീരുമാനമെന്നാണ് സർക്കാർ നിലപാട്. ചെങ്ങന്നൂർ-പമ്പ പാത ശബരിമല തീർത്ഥാടകർക്ക് മാത്രം പ്രയോജനപ്പെടുന്നതാണ്. ശബരിപാത ശബരിമല തീർത്ഥാടകർക്ക് സൗകര്യമാകുന്നതിനൊപ്പം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സാമ്പത്തിക വികസനത്തിനും വേഗം കൂട്ടും. ഭാവിയിൽ പുനലൂരിലേക്കും തിരുവനന്തപുരത്തേക്കും നീട്ടാനുമാവും.

സമ്മതിച്ചില്ലെങ്കിൽ 100കോടി പാഴാവും

ചെലവ് പങ്കിടാമെന്ന് സർക്കാർ സമ്മതിക്കാതിരുന്നാൽ കേന്ദ്രബഡ്ജറ്റിൽ പദ്ധതിക്കായി വകയിരുത്തിയ 100കോടി പാഴാവും

സർക്കാരിന്റെ കത്ത് കിട്ടിയാലേ പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ റദ്ദാക്കി ഭൂമിയേറ്റെടുക്കലടക്കം തുടങ്ങൂ

1997ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച അങ്കമാലി-എരുമേലി 111കിലോമീറ്റർ ശബരിപാതയിൽ അങ്കമാലി-കാലടി 7കി.മീറ്ററും പെരിയാറിൽ മേൽപ്പാലവുമാണ് നിർമ്മിച്ചത്.

104കിലോമീറ്റർ പാതയാണ് നിർമ്മിക്കേണ്ടത്. ഇനി 274ഹെക്ടർ ഭൂമിയേറ്റെടുക്കണം. 14സ്റ്റേഷനുകൾ നിർമ്മിക്കണം

ചെലവ് കുതിക്കുന്നു (തുക കോടിയിൽ)

1997..........517

2017..........2815

2021..........3347

2023..........3800