
നെയ്റോബി: കടലാമയുടെ ഇറച്ചി കഴിച്ച എട്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു. സാൻസിബാർ ദ്വീപസമൂഹത്തിലെ പെംബ ദ്വീപിലാണ് അതിദാരുണമായ സംഭവം നടന്നത്. ഇറച്ചി കഴിച്ച 78 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മാർച്ച് അഞ്ചിന് നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
മരിച്ചവർ കടലാമയുടെ ഇറച്ചി കഴിച്ചിരുന്നുവെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എംകോനിയിലെ മെഡിക്കൽ ഓഫീസറായ ഡോ. ഹാജി ബക്കാരി അറിയിച്ചു. ഇതുമൂലമുണ്ടായ ചെലോനിടോക്സിസം (കടലാമകളുടെ ഇറച്ചി കഴിക്കുന്നത് മൂലമുണ്ടാകുന്ന ഭക്ഷ്യബാധ) കാരണമാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.അതേസമയം, കടലാമകൾ കഴിക്കുന്ന വിഷാംശമുളള ആൽഗകൾ കാരണമാകാം ഇത് സംഭവിച്ചിട്ടുളളതെന്ന് ടർട്ടിൽ ഫൗണ്ടേഷൻ ചാരിറ്റി സംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കടലാമയുടെ ഇറച്ചി ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ പെംബ ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ്. സംഭവം പുറത്തുവന്നതോടെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി പ്രത്യേക സംഘത്തെ സർക്കാർ ദ്വീപിലേക്ക് അയക്കുകയും ചെയ്തു. 2021ലും ഇവിടെ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കടലാമയുടെ ഇറച്ചി കഴിച്ച് മൂന്ന് വയസുളള ഒരു കുട്ടിയടക്കം ഏഴ് പേർ മരിച്ചിരുന്നു.
കടലാമയുടെ ഇറച്ചി കഴിക്കുന്നവരിൽ ഉണ്ടാകുന്നത്.
നിരവധി ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ട്, ഇറച്ചി കഴിക്കുന്നവർക്ക് നിരന്തരമായ തുമ്മലും ഛർദ്ദിയും ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. നിരവധി ഉദരാശയരോഗങ്ങളെ തുടർന്ന് കോമാ അവസ്ഥയിലേക്കോ തുടർന്ന് മരണത്തിലേക്കോയെത്താം.