bigg-boss

പ്രേക്ഷകരുടെ ഇഷ്ട ഷോയായ ബിഗ് ബോസ് മൂന്നാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. മുമ്പുള്ള സീസണുകളിൽ നിന്നും വ്യത്യസ്തമായി ഓരോ മത്സരാർത്ഥിയും മുന്നിലെത്തണമെന്ന ചിന്തയുമായാണ് ഹൗസിൽ നിൽക്കുന്നത്. ആദ്യ എപ്പിസോഡ് മുതൽ ശ്രദ്ധ നേടുന്ന ഒരു മത്സരാർത്ഥിയാണ് രതീഷ്. ബിഗ് ബോസ് ഗ്രൂപ്പുകളിലടക്കം രതീഷിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചിലർ രതീഷിനെ പിന്തുണയ്ക്കുമ്പോൾ മറ്റ് ചിലർ എതിരഭിപ്രായങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിനുള്ളിൽ വച്ച് സഹമത്സരാർത്ഥിയായ ജാന്മണിയോട് കയർക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അടുക്കളയിൽ പാചകം നടക്കുന്ന സമയത്താണ് ഈ സംഭവ വികാസങ്ങൾ അരങ്ങേറുന്നത്. അടുക്കളയിൽ എല്ലാവരും നിൽക്കുമ്പോൾ ജാന്മണി ഗ്യാസ് സ്റ്റൗവിൽ നിന്ന് സിഗരറ്റ് കത്തിച്ച് സ്‌മോക്കിംഗ് റൂമിലേക്ക് നടന്നു. ജാന്മണി സിഗരറ്റ് കത്തിക്കുന്നത് രതീഷിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ പിന്നീട് ആരോ ഇക്കാര്യം പറയുന്നത് കേട്ട രതീഷ് ജാന്മണിയോട് കയർത്ത് സംസാരിക്കുകയായിരുന്നു.

നിങ്ങൾ അടുപ്പിൽ നിന്ന് സിഗറ്റ് കത്തിച്ചോ എന്ന് ചോദിച്ചായിരുന്നോ രതീഷ് ജാന്മണിയോട് ചൂടായത്. അതേ എന്ന് ജാന്മണി മറുപടിയും പറഞ്ഞു. പിന്നാലെ അത് പാടില്ലെന്നും അത് പൊട്ടിത്തെറിച്ചാൽ നിങ്ങൾ എന്ത് പറയുമെന്നും രതീഷ് ജാന്മണിയോട് ചോദിച്ചു. 'ഇവിടെ ആളുകൾ താമസിക്കുന്നുണ്ട്, ഈ വീട് പൊട്ടിത്തെറിച്ചാൽ നിങ്ങൾ എന്ത് ചെയ്യും. 18 പേരുടെ ജീവനാണ് ഇവിടെ. അത് വച്ചാ നിങ്ങൾ കളിച്ചേ. 18 പേരുടെ ജീവൻ വച്ച് കളിക്കാൻ പാടില്ല. അടുപ്പിൽ നിന്ന് സിഗരറ്റ് കത്തിക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല. ഇനി അടുപ്പിൽ നിന്ന് സിഗരറ്റ് കത്തിക്കരുത്'- രതീഷ് കയർത്ത് പറഞ്ഞു.


പിന്നാലെ അൻസിബ രതീഷിനോട് ഇത് ഒറ്റത്തവണ പറഞ്ഞാൽ പോരെ എന്തിനാണ് ഇത്ര ഹൈപ്പറാവുന്നതെന്ന് ചോദിച്ചു. അൻസിബയോടും രതീഷ് ചൂടായി. 'എടോ നമ്മുടെയൊക്കെ ജീവനാണ് പോകുകയെന്ന്' രതീഷ് അൻസിബയോടും പറഞ്ഞു.