beetroot

മിക്കവരും നേരിടുന്ന സൗന്ദര്യപ്രശ്നമാണ് മുടി കൊഴിച്ചിൽ. കുളിമുറിയിലും ചീപ്പിലും എന്നുവേണ്ട വീടിന്റെ മുക്കിലും മൂലയിലും വരെ മുടി കാണുമ്പോൾ ആർക്കാണ് സങ്കടം വരാത്തത്. താരനടക്കം നിരവധി കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിയുന്നത്.

മുടി കൊഴിച്ചിലകറ്റാൻ പല വഴികളും തേടുന്നവരാണ് നമ്മൾ. ചിലർ മാർക്കറ്റിൽ കിട്ടുന്ന പല സാധനങ്ങളും വാങ്ങി, തേക്കുന്നു. തൽക്കാലം ആശ്വാസം ലഭിക്കുമെങ്കിലും മിക്കപ്പോഴും ഇവയുടെ ഉപയോഗം നിർത്തുമ്പോൾ വീണ്ടും മുടി കൊഴിയാൻ തുടങ്ങും. കെമിക്കലുകളാണ് ഉപയോഗിച്ചതെങ്കിൽ പാർശ്വഫലങ്ങളും അനുഭവിക്കേണ്ടിവരും.

നമ്മുടെ അടുക്കളയിൽ തന്നെ മുടികൊഴിച്ചിലകറ്റാനുള്ള സാധനങ്ങൾ ഉണ്ട്. ബിറ്റ്റൂട്ട് മികച്ചൊരു 'ഔഷധമാണ്'. പകുതി ബീറ്റ്റൂട്ടെടുക്കുക. മുടിക്ക് നല്ല നീളമുണ്ടെങ്കിൽ ഒരു ബീറ്റ്റൂട്ട് തന്നെയെടുക്കാം. ഇത് ജ്യൂസാക്കുക. ശേഷം ചെറുതായൊന്ന് ചൂടാക്കാം. ഇത് തലയോട്ടിയിലും മുടിയിലുമൊക്കെ തേച്ച് നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. പതിവായി ഇങ്ങനെ ചെയ്താൽ മുടികൊഴിച്ചിലകറ്റാം. മാത്രമല്ല മുടി പനങ്കുല പോലെ വളരുകയും ചെയ്യും.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വേറെന്തെങ്കിലും രോഗത്തിന്റെ സൂചനയായിട്ടായിരിക്കാം ചിലപ്പോൾ മുടി കൊഴിയുന്നത്. അതിനാൽത്തന്നെ കുറച്ചുനാൾ ബീറ്റ്‌റൂട്ട് ജ്യൂസ് തേച്ചിട്ടും പരിഹാരമായില്ലെങ്കിൽ ഒരു ഡോക്ടറെ കാണാൻ മടിക്കരുത്.