rajiv-gandhi-assassinatio

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ മുരുകൻ, റോബർട്ട് പയസ്, ജയകുമാ‌ർ എന്നിവരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. മൂവരും ശ്രീലങ്കൻ പൗരന്മാരാണ്. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലാണ് ഇവർ കഴിയുന്നത്.

മോചനത്തിന്റെ ഭാഗമായി യാത്രാരേഖകൾക്കായുള്ള അപേക്ഷ നൽകുന്നതിനായി മൂവരെയും നാളെ ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ എത്തിക്കും. തിരുച്ചിറപ്പള്ളി ജില്ലാ കളക്‌ടർ ഇക്കാര്യം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കുന്നതിനായി രാജ്യം വിടാൻ അനുവദിക്കണമെന്ന മുരുകന്റെ അപേക്ഷയിലാണ് കളക്‌ടർ കോടതിയിൽ നിലപാട് അറിയിച്ചിരിക്കുന്നത്.

പാസ്‌പോർട്ടും യാത്രാരേഖകളും ശ്രീലങ്ക അനുവദിച്ചാൽ മാത്രമേ ഇവർക്ക് ഇന്ത്യ വിടാൻ സാധിക്കുകയുള്ളൂ. ചെന്നൈ സ്വദേശിയെ വിവാഹം ചെയ്ത ജയകുമാർ ഇന്ത്യയിൽ തന്നെ തുടരാനാണ് തീരുമാനം.

രാജീവ് ഗാന്ധി വധക്കേസിൽ 2022 നവംബറിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മൂവരും ജയിൽമോചിതരായെങ്കിലും യാത്രാരേഖകളില്ലാത്തതിനാൽ ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേയ്ക്ക് മാറ്റുകയായിരുന്നു. ശ്രീലങ്കയിലേയ്ക്ക് പോകാൻ അനുമതി കിട്ടിയതിന് പിന്നാലെയാണ് കേസിലെ മറ്റൊരു പ്രതിയായ ശാന്തൻ മരിച്ചത്. കരൾ സംബന്ധമായ അസുഖംമൂലം ഏറെനാളായി ചികിത്സയിലായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.

എക്‌സിറ്റ് പെർമിറ്റിലൂടെ ശ്രീലങ്കയിലെത്തി മാതാവിനെ കാണാനിരിക്കെയായിരുന്നു മരണം. മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെത്തുടർന്ന് രോഗിയായ മാതാവിനെ കാണാൻ അനുമതി ലഭിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാൽ യാത്ര മുടങ്ങി. എക്‌സിറ്റ് പെർമിറ്റ് കേന്ദ്രം തിരുച്ചിറപ്പള്ളി കളക്‌ടർക്ക് നൽകിയിരുന്നു. ഒരാഴ്‌ചയ്ക്കുള്ളിൽ ശാന്തനെ ശ്രീലങ്കയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കവേയാണ് മരണപ്പെട്ടത്.