f

പാർലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയിലെ പടലപിണക്കം യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയ സാദ്ധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമോ എന്ന ആശങ്ക ഉയരുന്നു. ഇടതുസർക്കാരിനെതിരായ ഭരണവിരുദ്ധവികാരവും തൊഴിലാളി വിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി ശക്തമായ വിമർശനം ഉയർത്തേണ്ട ഐ.എൻ.ടി.യു.സി സംസ്ഥാന നേതൃത്വത്തിന്റെ നിസ്സംഗ നിലപാടിനെതിരെ നേതാക്കളടക്കം പ്രതിഷേധത്തിലാണ്. പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി 8 വർഷമായിട്ടും സർക്കാരിനെതിരെ ഒരു പ്രസ്താവന പോലും ഇറക്കാൻ തയ്യാറാകാത്ത നേതൃത്വത്തിനെതിരെ രോഷം പുകഞ്ഞു തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയിരുന്നില്ല.

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി.സി.സി പ്രസിഡന്റും കേരള ടോഡി ആന്റ് അബ്കാരി വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റുമായ എൻ. അഴകേശൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പരാതി നൽകിയതോടെ നേതൃത്വത്തിനെതിരായ പൊട്ടിത്തെറി മറനീക്കിയിരിക്കുകയാണ്. കെ.പി.സി.സി അച്ചടക്ക സമിതി അംഗം കൂടിയാണ് അഴകേശൻ. പരാതിയിൽ ഐ.എൻ.ടി.യു.സി പ്രസിഡന്റിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ചന്ദ്രശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയില്ലെങ്കിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ശക്തമായ തൊഴിലാളി പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും ഐ.എൻ.ടി.യു.സി ഓഫീസിലേക്ക് മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് ഐ.എൻ.ടി.യു.സി നോമിനിയായി കാസർകോട് സ്വദേശിയായ ജോസഫ് സെബാസ്റ്റ്യന്റെ പേര് നിർദ്ദേശിച്ചതാണ് ഭിന്നത മറനീക്കി പുറത്തുവന്നതിന്റെ പ്രധാന കാരണം.

ബോർഡ് രൂപീകൃതമായ 1970 മുതൽ ബോർഡിലേക്ക് ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ യൂണിയനുകളിൽ നിന്ന് രണ്ട് പേരെ വീതവും യു.ടി.യു.സി യിൽ നിന്ന് ഒരു പ്രതിനിധിയെയുമാണ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുത്തിരുന്നത്. യു.ടി.യു.സി ഈ രംഗത്ത് ഇല്ലാതായതോടെ ആ പ്രതിനിധിയെക്കൂടി സി.ഐ.ടി.യു നോമിനേറ്റ് ചെയ്തു. അടുത്തിടെ ബോർഡ് രൂപീകരിച്ചപ്പോൾ ഐ.എൻ.ടി.യു.സിയിൽ നിന്ന് അഴകേശന്റെ പേര് മാത്രം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ചു. ഇതറിഞ്ഞ അന്നത്തെ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ ഇടപെട്ട് ഐ.എൻ.ടി.യുസിക്ക് രണ്ട് പ്രതിനിധികളെ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇടപെട്ട് അഴകേശന്റെയും തൃശൂരിലെ പ്രകാശന്റെയും പേര് നിർദ്ദേശിച്ചു. എന്നാൽ ഇതറിഞ്ഞ ചന്ദ്രശേഖരൻ ഐ.എൻ.ടി.യു.സി നോമിനിയായി കാസർകോട് സ്വദേശി ജോസഫ് സെബാസ്റ്റ്യന്റെ പേര് നിർദ്ദേശിച്ച് ഉത്തരവിറക്കുകയായിരുന്നു. കള്ള് വ്യവസായം ഇല്ലാത്ത കാസർകോട് നിന്ന് പ്രതിനിധിയെ നിശ്ചയിച്ചതും എതിർപ്പിന് കാരണമായി.

കഴിഞ്ഞ ദിവസം കൊല്ലത്ത് ചേർന്ന അബ്കാരി വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന നേതൃയോഗം ചന്ദ്രശേഖരന്റെ നടപടിയെ വിമർശിക്കുകയും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. അഴകേശൻ തന്റെ രാജി ഇതുവരെ പിൻവലിയ്ക്കാത്തതിനാൽ നിലവിൽ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഐ.എൻ.ടി.യു.സി യുടെ പ്രതിനിധിയായി ഒരാൾ മാത്രമേയുള്ളു. 2007ലാണ് കെ.സുരേഷ്ബാബുവിനെ മാറ്റി ആർ.ചന്ദ്രശേഖരൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റായത്.

പ്രക്ഷോഭമില്ല,

പ്രസ്താവനയുമില്ല

വ്യവസായ, തൊഴിൽ മേഖലകൾ തകർന്നിട്ടും അതിനെതിരെ പ്രക്ഷോഭം പോയിട്ട് ഒരു പ്രസ്താവന പോലും ഇറക്കാത്ത ഐ.എൻ.ടി.യു.സി സംസ്ഥാന നേതൃത്വത്തിനെതിരെ ഏറെക്കാലമായി കോൺഗ്രസിൽ പ്രതിഷേധം പുകയുകയാണ്. ഭരണപക്ഷത്തെ തൊഴിലാളി സംഘടനകൾ പോലും സർക്കാരിനെതിരെ സമരം ചെയ്യുമ്പോൾ ഐ.എൻ.ടി.യു.സി മാത്രം മൗനം പാലിക്കുന്നതാണ് പ്രതിഷേധത്തിനു കാരണം. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സോളാർ കേസിൽ പ്രതിയായപ്പോൾ കോൺഗ്രസുകാർക്ക് നാണക്കേട് മൂലം പുറത്തിറങ്ങാനാകുന്നില്ലെന്നും ഉമ്മൻചാണ്ടി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തിയ ഐ.എൻ.ടി.യു.സി പ്രസിഡന്റ്, പിണറായി വിജയനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും അതിനെതിരെ ഒരു പ്രസ്താവന പോലും പുറപ്പെടുവിച്ചിട്ടില്ലെന്നതും ചർച്ചയാകുന്നുണ്ട്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കശുഅണ്ടി വ്യവസായ മേഖലയിലെ പ്രശ്നങ്ങൾപരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ നിരാഹാര സമരം അടക്കമുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ആർ. ചന്ദ്രശേഖരനായിരുന്നു. കൊല്ലത്ത് ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥിയായ എൻ.കെ പ്രേമചന്ദ്രനെതിരെ ഇടതുപക്ഷം പോലും ഉന്നയിക്കാത്ത ആരോപണവുമായി ആദ്യം രംഗത്തെത്തിയതും ചന്ദ്രശേഖരനായിരുന്നു. പ്രേമചന്ദ്രൻ കൊല്ലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന അദ്ദേഹത്തിന്റെ പ്രതികരണം യു.ഡി.എഫിനെ അടിയ്ക്കാനുള്ള വടിയായി എൽ.ഡി.എഫിന് വീണുകിട്ടിയതാണ്. ചന്ദ്രശേഖരന്റെ പ്രസ്താവനയ്ക്കെതിരെ ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് തന്നെ രംഗത്തെത്തിയിരുന്നു. കെ.പി.സി.സി ക്ക് പരാതി നൽകുമെന്നും ഡി.സി.സി യോഗത്തിൽ അദ്ദേഹം പറഞ്ഞു.

എസ്. കൃഷ്ണകുമാർ കൊല്ലത്ത് പാർലമെന്റ് സ്ഥാനാർത്ഥിയായിരിക്കെ കൊല്ലം എസ്.എൻ കോളേജിലെ വിദ്യാർത്ഥികൾ കല്ലേറ് നടത്തിയ സംഭവമുണ്ടായി. കൊല്ലം റെയിൽവെ ഗുഡ്സ് ഷെഡ്ഡിലെ ഐ.എൻ.ടി.യു.സി തൊഴിലാളികൾ രംഗത്തിറങ്ങി വിദ്യാർത്ഥികൾക്ക് തിരിച്ചടി നൽകിയ ചരിത്രം കൊല്ലത്തെ പഴയകാല കോൺഗ്രസ് നേതാക്കളുടെ ഓർമ്മയിലുണ്ട്. എന്നാൽ പിണറായി വിജയന്റെ നവകേരളയാത്രയ്ക്കിടെ യൂത്ത്കോൺഗ്രസുകാർക്ക് പലയിടത്തും ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ നിന്ന് കൊടിയ മർദ്ദനമേറ്റപ്പോൾ കോൺഗ്രസിന്റെ വിവിധ പോഷക സംഘടനകളും യു.ഡി.എഫിലെ ഘടകകക്ഷികളും ശക്തമായി പ്രതിഷേധിച്ചിരുന്നു.

ആരോപണങ്ങൾ

അടിസ്ഥാന രഹിതം

ഐ.എൻ.ടി.യു.സി സംസ്ഥാന നേതൃത്വത്തിനും തനിയ്ക്കും എതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വൈകാതെ ഇതിനെല്ലാം മറുപടി നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാനത്ത് കള്ള് ചെത്ത് തൊഴിലാളികൾക്ക് രണ്ട് യൂണിയനുകളുണ്ട്. ഇത് സംയോജിപ്പിച്ചാണ് കേരളസംസ്ഥാന കള്ള്, ചെത്ത് തൊഴിലാളി ഫെഡറേഷൻ രൂപീകരിച്ചത്. ഇതിന്റെ രണ്ടിന്റെയും പ്രതിനിധികളായി അഴകേശനെയും ജോസഫ് സെബാസ്റ്റ്യനെയും താൻ നിർദ്ദേശിച്ചതാണോ തെറ്റ് ? എന്നാൽ ഒരാൾ മതിയെന്ന് പറഞ്ഞ് അഴകേശൻ രാജി നൽകിയിട്ടുണ്ട്. രാജിക്കത്ത് ഇതുവരെ പിൻവലിച്ചിട്ടില്ല.

സ‌ർക്കാരിനെതിരെ ഐ.എൻ.ടി.യു.സി പ്രക്ഷോഭം നടത്തുന്നില്ലെന്നത് വ്യാജപ്രചാരണമാണ്. ഒന്നാം പിണറായി സർക്കാരിനെതിരെ 12 ഓളം സമരങ്ങൾ നടത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് നടയിൽ 2000 ഓളം പേർ പങ്കെടുത്ത ഉപവാസസമരം അടക്കം നടത്തിയിട്ടുണ്ടെന്നും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇക്കാര്യങ്ങൾ അറിയാമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ക്ഷേമനിധി ബോർഡുകളും

പ്രതിസന്ധിയിൽ

കോടികളുടെ ആസ്തിയുണ്ടായിട്ടും പല ക്ഷേമനിധിബോർഡുകളും ഇപ്പോൾ പ്രതിസന്ധിയിലാണ്. സർക്കാർ നൽകുന്ന വിവിധ ക്ഷേമ പെൻഷൻകാർക്ക് 7 മാസത്തെ പെൻഷൻ കുടിശ്ശികയുള്ളപ്പോൾ കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് 13 മാസമായി പെൻഷൻ ലഭിക്കാതായിട്ട്. തൊഴിലാളികളുടെ വിഹിതമായി കോടികളുടെ ആസ്തിയുള്ള ബോർഡിൽ നിന്ന് അടുത്തിടെ 1200 കോടി രൂപയാണ് സർക്കാർ വായ്പയെടുത്തത്. മുടങ്ങിയ പെൻഷൻ ലഭിക്കാത്തതിനെതിരെയും ഐ.എൻ.ടി.യു.സി യുടെ ശബ്ദം ഉയരാത്തതിൽ പെൻഷൻകാർക്കും അമർഷമുണ്ട്.