f

ജകാർത്ത : ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മരണം 26 ആയി. 11 പേരെ കാണാതായി. മരണസംഖ്യ ഉയരാനിടയുണ്ട്. വെസ്റ്റ് സുമാത്രയിൽ മൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോവുകയും 666 വീടുകൾക്ക് കാര്യമായ നാശമുണ്ടാവുകയും 37,000ത്തിലധികം വീടുകളിൽ വെള്ളം കയറുകയും ചെയ്തു. മൂന്നുദിവസമായി കനത്ത മഴ പെയ്യുന്നതിനെ തുടർന്ന് 80,000ത്തിലധികം ആളുകളെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. 26 പാലങ്ങൾ, 45 മസ്ജിദുകൾ, 25 സ്കൂളുകൾ, 13 റോഡുകൾ, രണ്ട് ജലവിതരണ സംവിധാനം തുടങ്ങിയവ നശിച്ചു. കൃഷിനാശത്തിന്റെ വ്യക്തമായ കണക്ക് പുറത്തുവന്നിട്ടില്ല. ഇന്തോനേഷ്യ മഴക്കാലത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമാണ്. വനനശീകരണം മൂലം പ്രശ്നം കൂടുതൽ വഷളാവുകയാണെന്നും ദ്വീപസമൂഹത്തിന്റെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നീണ്ടുനിൽക്കുന്ന പേമാരിക്കു സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.