tejas

ന്യൂഡൽഹി: വ്യോമസേനയുടെ അഡ്വാൻസ്‌ഡ് ലൈറ്റ് കോപാക്‌ട് യുദ്ധവിമാനം തേജസ് പരിശീലന പറക്കലിനിടെ രാജസ്ഥാനിലെ ജയ്സാൽമറിൽ തകർന്നുവീണു. പൈലറ്റ് പാരച്യൂട്ടിൽ രക്ഷപ്പെട്ടു.

23 വർഷം മുമ്പ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന് ആദ്യമായാണ് അപകടം സംഭവിക്കുന്നത്. കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി വ്യോമസേന അറിയിച്ചു. താഴ്ന്നു പറക്കവേ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ജയ്സാൽമറിലെ ലക്ഷ്‌മി ചന്ദ് സൻവാൽ കോളനിക്ക് സമീപമുള്ള ഹോസ്റ്റൽ ഗ്രൗണ്ടിലാണ് വിമാനം വീണത്. തകർന്ന വിമാനം പൊട്ടിത്തെറിച്ച് കത്തിയമർന്നു. 2001ൽ ആദ്യ പരീക്ഷണപ്പറക്കൽ നടത്തിയ വിമാനം 2016ൽ വ്യോമസേനയിൽ വിന്യസിച്ചു.

നിലവിൽ 40 തേജസ് യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. എച്ച്.എ.എൽ നിർമ്മിക്കുന്ന 83 വിമാനങ്ങൾക്കു കൂടി ഓർഡർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം പശ്ചിമബംഗാളിൽ വ്യോമസേനയുടെ ഹോക്ക് പരിശീലനവിമാനവും അപകടത്തിൽപ്പെട്ടിരുന്നു. ആളപായമുണ്ടായില്ല.