
തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ കൂടുതൽ അത്യാഹിതം ഉണ്ടാകാതെ കാത്തത് പ്രാദേശിക ലൈഫ് ഗാർഡ് സംഘം. അവർ നടത്തിയ രക്ഷാപ്രവർത്തനമാണ് അപകടമുണ്ടായി ഞൊടിയിടയ്ക്കുള്ളിൽ എല്ലാവരെയും കരയിലെത്തിക്കാൻ സഹായകമായത്. അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായാണ് ഫ്ലോട്ടിങ് ബ്രിഡ്ജുകൾ ലോകത്ത് എല്ലായിടത്തും സ്ഥാപിച്ചിട്ടുള്ളത്. ഇതിനാൽ തന്നെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉന്നത നിലവാരമുള്ള സുരക്ഷ ഒരുക്കിയതുകൊണ്ടാണ് വർക്കലയിലെ അപകടത്തിന്റെ ആഴം കുറക്കാനായത്.
വർക്കലയിൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം 15 ലൈഫ് ഗാർഡുകളെയാണ് നിയമിച്ചിട്ടുണ്ടായിരുന്നത്. ഈ 15 പേരും പ്രദേശവാസികളെ തന്നെ തിരഞ്ഞെടുത്തു എന്നുള്ളതാണ് പ്രത്യേകത. ഇവരെ ഗോവയിൽ കൊണ്ട് പോയി പ്രത്യേക പരിശീലനം നൽകിയിരുന്നു. അതുകൊണ്ട് തന്നെ ശക്തമായ തിരമാലകളെ അതിജീവിച്ച് രക്ഷാപ്രവർത്തനം നടത്താനും ഇവർക്കായി. രണ്ട് യന്ത്രവൽകരണ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചു. മികച്ച രീതിയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതാണ് കടൽ പ്രക്ഷുബന്ധമായിരുന്നിട്ടും ആർക്കും ജീവഹാനി സംഭവിക്കാതായും, ഗുരുതര പരിക്കുകൾ ഉണ്ടാകാത്ത തരത്തിൽ ഈ അപകടത്തെ തരണം ചെയ്യാൻ കഴിഞ്ഞത്.
കേരളത്തിൽ വർദ്ധിച്ചു വരുന്ന അഡ്വഞ്ചർ ടൂറിസം മേഖലയ്ക്കും പ്രത്യേകിച്ച് ഫ്ലോട്ടിങ് ബ്രിഡ്ജുകൾക്കും അപകടം തിരിച്ചടിയാകുമോ എന്നുള്ള ആശങ്ക ഉണ്ടായിരുന്നു. എന്നാൽ മികച്ച രക്ഷാപ്രവർത്തനങ്ങളും സുരക്ഷ സംവിധാനങ്ങളുമാണ് അഡ്വഞ്ചർ ടൂറിസത്തെ കൂടുതൽ സുരക്ഷിതമാക്കുന്നു എന്ന സന്ദേശമാണ് നൽകുന്നത്. വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ രക്ഷാ പ്രവർത്തനവും സുരക്ഷാ സംവിധാനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചത് അഡ്വഞ്ചർ ടൂറിസം രംഗത്ത് കേരളം മുന്നോട്ട് പോകുന്നതിന് കൂടുതൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകട ഇൻഷുറൻസ് ഉള്ളതിനാൽ തന്നെ അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരവും ലഭിക്കും.
ശക്തമായ തിരമാല അടിച്ചതിനെ തുടർന്ന് പാലത്തിലുണ്ടായിരുന്ന ആളുകൾ കൈവരികളിൽ പിടിച്ചതാണ് അപകടത്തിൻ്റെ കാരണമായി പ്രാഥമികമായി വിലയിരുത്തുന്നത്. ശക്തമായ തിരമാല ഉണ്ടായിട്ടും പാലത്തിന് യാതൊരു വിധത്തിലുമുള്ള തകരാർ സംഭവിച്ചില്ല. പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ച പോളീനെതിലീൻ ബ്ലോക്കുകൾ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ അംഗീകരമുള്ളതായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ കാരണമായ മറ്റൊരു ഘടകമാണ്.
15 പേർ അപകടത്തിൽ പെട്ട് കടലിൽ വീഴുകയായിരുന്നു. ജില്ലാ കളക്ടർ അധ്യക്ഷനായിയുള്ള ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ നടത്തിപ്പ് ചുമതല. കേരള അഡ്വഞ്ചറസ് ടൂറിസം പ്രൊമോഷൻ സൊസൈറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റിയാണ് വർക്കല ബീച്ചിൽ പരിശോധന നടത്തി, ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അനുമതി നൽകിയത്. കേരളത്തിന്റെ തീരപ്രദേശ മേഖലകളിൽ അഡ്വഞ്ചർ ടൂറിസത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് ഫ്ലോട്ടിങ് ബ്രിഡ്ജുകൾക്ക് നിർണായക പങ്കാണ് ഉള്ളത്. എന്നാൽ വർക്കല അപകടത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ വരും ദിവസങ്ങളിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കേറാൻ മടിക്കുമോ എന്നുള്ള ആശങ്കയും ടൂറിസം രംഗത്തുള്ളവർക്കുണ്ട്