പട്ടാമ്പി: ആലൂരിൽ നിന്നു രണ്ട് ലക്ഷം രൂപയിലധികം വിലവരുന്ന ബൈക്ക് മോഷ്ടിച്ച പ്രതി തൃത്താല പൊലീസിന്റെ പിടിയിൽ. മലപ്പുറം ഊരകം പുത്തൻ പീടികയിൽ കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസാണ് (21) പിടിയിലായത്. ഫെബ്രുവരി 25ന് ആലൂർ സ്വദേശി അൻസാറിന്റെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രതിക്കായി അന്വേഷണം നടന്നു വരികയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി ഷാജി കൈലാസാണെന്ന് തിരിച്ചറിഞ്ഞത്. വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ നിലയിലുള്ള ബൈക്കും ഇയാളിൽനിന്ന് പിടിച്ചെടുത്തു. മോഷ്ടിച്ച ബൈക്കുകൾ മറിച്ചുവിൽക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. തൃത്താല ഇൻസ്‌പെക്ടർ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.