പെരിന്തൽമണ്ണ: കാറിൽ കൊണ്ടുവന്ന 4500 പാക്കറ്റ് ഹാൻസുമായി മൂന്ന് പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. വയനാട് റിപ്പൺ കടച്ചിക്കുന്ന സ്വദേശികളായ പൂന്തിരിച്ചി റിയാസ് (35), നാദാപുരം വീട്ടിൽ നൗഷാദ് (41), കോഴിക്കോട് കൊടുവളളി സ്വദേശി പുളിവാറക്കൽ താഹിർകോയ തങ്ങൾ (25) എന്നിവരാണ് പെരിന്തൽമണ്ണ എസ്.ഐ. ഷിജോ സി തങ്കച്ചന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസ് ജങ്ഷനിൽ നിന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ഹാൻസ് പിടിച്ചത്. ആറ് ചാക്കുകളിലായി കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ്. വയനാട്ടിൽ നിന്നും പെരിന്തൽമണ്ണയിൽ വിൽപനക്കായി കൊണ്ടുവന്നതാണ് ഹാൻസ് പാക്കറ്റുകളെന്ന് പൊലീസ് പറഞ്ഞു. സി.പി.ഒമാരായ അഷ്റഫ്, കൃഷ്ണപ്രസാദ്, ജയേഷ്, പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.