തളിപ്പറമ്പ്: പോസ്റ്റ് ഓഫീസ് ജീവനക്കാരന്റെ ബൈക്ക് മോഷ്‌ടിച്ച പ്രതിയെ ദിവസങ്ങൾക്കകം പിടികൂടി പൊലീസ്. കരുവൻചാൽ മീൻപറ്റിയിലെ വലിയകരോട്ട് വീട്ടിൽ വി.എ.റോയിയെ (46) യാണ് സി.ഐ എം.എൽ.ബെന്നി ലാലു അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഏഴിന് ഉച്ചയോടെ പോസ്റ്റ് ഓഫീസിലെ സിസ്റ്റം മാനേജർ പയ്യന്നൂർ സ്വദേശി എം.വി.സനോജിന്റെ റോയൽ എൻഫീൽഡ് ക്ലാസിക് ബുള്ളറ്റ് ബൈക്കാണ് മോഷണം പോയത്. മൂത്തേടത്ത് ഹൈസ്‌കൂളിന്റെ പിന്നിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ മോഷ്‌ടാവിന്റെ ചിത്രം പതിഞ്ഞിരുന്നു. ദൃശ്യം കണ്ട ഒരു ഓഫീസ് ജീവനക്കാരി ഇയാൾ റജിസ്ട്രേഡ് തപാൽ അയക്കാൻ വന്നതായി തിരിച്ചറിഞ്ഞു. സ്വന്തം ബൈക്കിലാണ് റോയി പോസ്റ്റ് ഓഫീസിലെത്തിയത്. പുറത്തിറങ്ങിയപ്പോൾ താക്കോൽ സഹിതം റോയൽ എൻഫീൽഡ് ബൈക്ക് കാണപ്പെട്ടു. കൗതുകത്തിന് ബൈക്കെടുത്ത് പോയെന്നാണ് റോയി പൊലീസിനോട് പറഞ്ഞത്. ബൈക്ക് വീടിന് സമീപം ഒളിപ്പിച്ചുവച്ച ശേഷം തളിപ്പറമ്പിലെത്തി സ്വന്തം ബൈക്കും എടുത്തു. സി.സി.ടി.വി ദൃശ്യം പതിഞ്ഞതായി വാർത്ത പുറത്തുവന്നതോടെ താടി വടിച്ചു രൂപമാറ്റത്തിനും ശ്രമിച്ചു. എസ്.ഐ പി.റഫീഖ്, പി.ആർ.ഒ സനീഷ്, സി.പി.ഒമാരായ ഹരിപ്രസാദ്, അരുൺ എന്നിവരും കേസന്വേഷിച്ച സംഘത്തിലുണ്ടായിരുന്നു.