കാസർകോട്: ഉളിയത്തടുക്ക ടൗണിലെ പള്ളിയിലടക്കം മൂന്നിടത്ത് മോഷണം. പള്ളിയുടെ പുറത്ത് സ്ഥാപിച്ച ഭണ്ഡാരപ്പെട്ടി തുറന്ന് പണം കവർന്നു. അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.

പള്ളിക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാറക്കട്ടയിലെ ജാബിറിന്റെ ഉടമസ്ഥതയിലുള്ള അനാദിക്കടയിലെ നേർച്ചപ്പെട്ടിയിൽ സൂക്ഷിച്ച മൂവായിരത്തോളം രൂപയും കടയിലുണ്ടായിരുന്ന ഏഴായിരത്തോളം രൂപയും മോഷണം പോയി. മധൂർ പഞ്ചായത്ത് ഓഫീസിനു സമീപത്തായി പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയുടെ ഷെഡ്ഡ് തകർത്തും പണം മോഷ്ടിച്ചു. ജാബിറും പള്ളിക്കമ്മിറ്റി ഭാരവാഹികളും വിദ്യാനഗർ പൊലീസിൽ പരാതി നൽകി. മൂന്നുമാസം മുമ്പ് ഇവിടത്തെ ഒരു സൂപ്പർമാർക്കറ്റിലും മോഷണം നടന്നിരുന്നു.

മോഷണശ്രമം: ഒരാൾ അറസ്റ്റിൽ

കാസർകോട്: ഐ.സി. ഭണ്ഡാരി റോഡിലെ ബീവറേജസ് ഔട്ട്ലറ്റ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ കേസിൽ ഒരാളെ കാസർകോട് പൊലീസ് അറസ്റ്റുചെയ്തു. തളങ്കര ഭാഗത്ത് താമസിക്കുന്ന മുഹമ്മദ് ഉമൈർ (21) ആണ് അറസ്റ്റിലായത്. നാലുദിവസം മുമ്പാണ് ബീവറേജ് ഗോഡൗണിൽ മോഷണശ്രമം നടന്നത്. ഷട്ടർ പൂട്ട് തകർത്തായിരുന്നു മോഷണശ്രമം. മൂന്നുപേരുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉമൈറിനെ പിടികൂടിയത്. മറ്റ് രണ്ടുപേരെ പൊലീസ് അന്വേഷിച്ചു വരികയാണ്.