
പത്തനംതിട്ട: ബൈക്കിൾ സഞ്ചരിച്ച യുവാക്കൾ എതിരെവന്ന കാറിന്റെ മുൻവശത്തെ ചില്ലിലേക്ക് ഹെൽമറ്റ് എറിഞ്ഞതിനെ തുടർന്ന് കുട്ടിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.
കുലശേഖരപതി കുപ്ലി വീട്ടിൽ മുത്തുകുമാർ(28), കുലശേഖരപതി ബീയാത്തുമ്മ പുരയിടത്തിൽ സമദ്(23), ഇലന്തൂർ നെല്ലിക്കാല പ്ലാംകൂട്ടത്തിൽ മുരുപ്പേൽ വിമൽ കെ.അനിൽ(27) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് താഴേവെട്ടിപ്പുറത്ത് എസ്.പി. ഓഫീസിനു മുൻപിലായിരുന്നു സംഭവം.
ഷർട്ടിടാതെ മൂന്നു പ്രതികളും മൈലപ്രഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു. അടവിയിൽ വിനോദയാത്ര പോയശേഷം മൈലപ്ര ഭാഗത്തു നിന്ന് എത്തിയ അഞ്ചക്കാല സ്വദേശി ഷംസുദീന്റെ കാറിലേക്കാണ് ബൈക്കിൽ മൂന്നാമതിരുന്ന മുത്തുകുമാർ ഹെൽമറ്റ് എറിഞ്ഞത്. ഏറു കൊണ്ടതോടെ കാർ നിയന്ത്രണം വിട്ടെങ്കിലും പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ അപകടം ഒഴിവായി.
ഷംസുദീന്റെ വലതുകൈക്കും മുൻസീറ്റിലിരുന്ന മകൾ ഫാത്തിമയുടെ (10) നെറ്റിക്കും മുറിവേറ്റു. സംഭവത്തിനു ശേഷം പ്രതികൾ നിറുത്താതെ പോയെങ്കിലും ഇന്നലെ പൊലീസ് പിടികൂടി. കാറിന് 8000 രൂപയുടെ നഷ്ടം കണക്കാക്കി. ഷംസുദീനുമായി മുൻപരിചയമില്ലാത്തവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ സഹോദരിയുടെതും അടക്കം മൂന്നു കുട്ടികളാണ് കാറിലുണ്ടായിരുന്നത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.