
റിഷഭ് പന്തിന് ഐ.പി.എല്ലിൽ കളിക്കാൻ ബി.സി.സി.ഐയുടെ അനുമതി
വിക്കറ്റ് കീപ്പ് ചെയ്യാനും പന്ത് ആരോഗ്യവാനെന്ന് ബി.സി.സി.ഐ
മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും ഐ.പി.എല്ലിന് ഇല്ല
മുംബയ് : കാറപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് 14 മാസത്തോളമായി കളത്തിന് പുറത്തായിരുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് വീണ്ടും കളിക്കളത്തിലേക്ക് എത്താൻ അനുമതി നൽകി ബി.സി.സി.ഐ. ഈ മാസം ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ 17-ാം സീസണിൽ കളിക്കാൻ റിഷഭ് പന്ത് പൂർണ ആരോഗ്യവാനാണെന്ന് വിലയിരുത്തിയ ശേഷമാണ് ഡൽഹി ക്യാപ്പിറ്റൽസിന് വേണ്ടി വിക്കറ്റ് കീപ്പറായിതന്നെ കളിക്കാൻ ബി.സി.സി.ഐ അനുമതി നൽകിയത്. അതേസമയം പരിക്കിന്റെ പിടിയിലുള്ള പേസർമാരായ മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് ഐ.പി.എല്ലിൽ കളിക്കാനാവില്ലെന്നും ബി.സി.സി.ഐ. വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ റിഷഭ് പന്തിന് ഐ.പി.എല്ലിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. 2022 ഡിസംബറിൽ മിർപൂരിൽ ബംഗ്ളാദേശിനെതിരായ ടെസ്റ്റിലാണ് പന്ത് അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. ആ പരമ്പര കഴിഞ്ഞ് തിരിച്ചെത്തി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ജൂണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഐ.പി.എല്ലിൽ വിക്കറ്റ് കീപ്പർ ബാറ്ററായി മികവ് കാട്ടിയാൽ പന്തിനെ ലോകകപ്പിലേക്ക് പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു.
നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയ കഴിഞ്ഞ് നിരീക്ഷണത്തിൽ കഴിയുന്നതിനാലാണ് രാജസ്ഥാൻ റോയൽസ് താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് ഐ.പി.എൽ നഷ്ടമാകുന്നത്. കാൽക്കുഴയ്ക്കേറ്റ പരിക്ക് കാരണമാണ് ഗുജറാത്ത് ജയന്റ്സ് താരമായ ഷമിക്ക് ഐ.പി.എൽ നഷ്ടമാകുന്നത്. ലണ്ടനിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും പൂർണ മുക്തി നേടാൻ് സമയമെടുക്കും.ഷമിയും ബി.സി.സി.ഐ. മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഷമിക്ക് ട്വന്റി-20 ലോകകപ്പിലും കളിക്കാനാവില്ലെന്ന് ജയ് ഷാ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
നടുക്കിയ അപകടം
2022 ഡിസംബറിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഉത്തരാഖണ്ഡിലെ റൂർക്കിയിൽ വച്ച് റിഷഭ് പന്ത് ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. താരത്തിന് ഗുരുതരമായി പരിക്കേറ്റു. ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷമാണ് വീട്ടിലേക്ക് പോകാനായത്. സ്വതന്ത്രനായി നടക്കാൻ പിന്നെയും മാസങ്ങളെടുത്തു. ചികിത്സയും മറ്റുമായി ഒരു വർഷത്തിലധികമായി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് മാറിനിൽക്കേണ്ടിവന്നു. കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് ചില പരസ്യചിത്രങ്ങളിൽ പന്ത് അഭിനയിച്ചിരുന്നു. രണ്ട് മാസം മുന്പാണ് തിരിച്ചുവരവിനുള്ള പരിശീലനം ആരംഭിച്ചത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽകഠിന പ്രയത്നം നടത്തിയാണ് മടങ്ങിവരവ് സാധ്യമാക്കിയത്.
33 ടെസ്റ്റുകളിലും 30 ഏകദിനങ്ങളിലും 66 ഏകദിനങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ച താരമാണ് റിഷഭ് പന്ത്.
2021, 2022 സീസണുകളിൽ ഐ.പി.എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ നയിച്ചത് പന്താണ്.