
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതിനെതിരെ ഡൽഹി സർവ്വകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. മുപ്പതോളം വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. എസ്‌ഐഒ, എംഎസ്എഫ്, എഐഎസ്ഒ എന്നീ വിദ്യാർത്ഥി സംഘടനകളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ക്യാമ്പസിൽ എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വരും ദിവസങ്ങളിൽ സിഎഎയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്ന് ഈ സംഘടനകളിൽൽ നിന്നുള്ള വിദ്യാർത്ഥികൾ അറിയിക്കുന്നത്. 2018ലും സിഎഎ വിരുദ്ധ സമരത്തിൽ ഡൽഹി സർവ്വകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. അന്നും ക്യാമ്പസിനകത്ത് അറസ്റ്റും സംഘർഷങ്ങളും നടന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ സിഎഎ പ്രാബല്യത്തിൽ വരുത്തിയത്. ഹിന്ദുത്വ ധ്രുവീകരണം വോട്ടാക്കി മാറ്റാൻ അയോദ്ധ്യ രാമക്ഷേത്രത്തിനൊപ്പം ദേശീയ പൗരത്വ നിയമവും ഉപകരിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അടങ്ങിയ വെബ് പോർട്ടലും നിലവിൽ വന്നതായി ഇന്നലെ കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനത്തിലുണ്ട്. പൗരത്വത്തിന് സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ അപേക്ഷിക്കാനാണ് വെബ് പോർട്ടൽ.