d

ഒരു സർവകലാശാലാ യൂണിയൻ കലോത്സവം,​ അത് അവസാനിക്കുന്നതിനു മുമ്പേ സർവകലാശാലാ വി.സിയുടെ നിർദ്ദേശപ്രകാരം നിറുത്തിവയ്ക്കേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ കലാലയ ചരിത്രത്തിൽത്തന്നെ നാണംകെട്ട പാഠമാണ്. തിരുവനന്തപുരത്ത് നടന്നുവന്ന കലോത്സവമാണ് അക്ഷരാർത്ഥത്തിൽ രാഷ്ട്രീയക്കളിയുടെയും കോഴ ആരോപണങ്ങളുടെയും വേദിയായി മാറുകയും ഒടുവിൽ കലാപോത്സവമായി പരിണമിച്ചതിനെത്തുടർന്ന് നിറുത്തിവയ്ക്കാൻ രജിസ്ട്രാർ ഉത്തരവിടുകയും ചെയ്തത്. നടക്കാൻ ബാക്കിയുള്ള മത്സരങ്ങൾ വേദികാണാതെ മടങ്ങി. ഫലപ്രഖ്യാപനവും പുറത്തുവന്നില്ല. മത്സര ഇനങ്ങളുടെ അവതരണത്തിന് ആഴ്ചകളെടുത്തും,​ രക്ഷിതാക്കളുടെ പണം മുടക്കിയും വിദ്യാർത്ഥികൾ നടത്തിയ പരിശീലനവും പരിശ്രമങ്ങളും വെറുതേയായി. യൂണിവേഴ്സിറ്റി അധികൃതർ അപ്പോഴെങ്കിലും ഇടപെട്ട് നിർബന്ധപൂർവം നിറുത്തിവയ്പിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കലോത്സവം ഒരു കൂട്ടത്തല്ലിൽ കലാശിച്ചേനേ. അതുണ്ടാകാഞ്ഞത് ഭാഗ്യം!

സർവകലാശാലാ യൂണിയന്റെ പിടിപ്പുകേടും,​ കലോത്സവ നടത്തിപ്പിലെ രാഷ്ട്രീയാതിപ്രസരവുമാണ് തുടക്കംതൊട്ടേ കൊടുമ്പിരിക്കൊണ്ട വിവാദങ്ങൾക്കു പിന്നിലെന്നത് മത്സരാർത്ഥികളുടെ മാത്രമല്ല,​ പൊതുസമൂഹത്തിന്റെയും ആക്ഷേപമാണ്. കൈക്കൂലി കൈപ്പറ്റി മത്സരഫലം അട്ടിമറിച്ചതിന്റെ പേരിൽ വിധികർത്താവിനെ വേദിയിൽ വച്ചുതന്നെ അറസ്റ്റ് ചെയ്യേണ്ടിവരുന്നതിനേക്കാൾ വലിയ നാണക്കേട് ഒരു കലോത്സവത്തിനിടെ സംഭവിക്കാനുണ്ടോ?​ വേദികൾ കെ.എസ്,​യു- എസ്.എഫ്.ഐ വിദ്യാർത്ഥികളുടെ സംഘർഷത്തിന് അരങ്ങാകുന്ന കാഴ്ചയായിരുന്നു പിന്നെ. എസ്.എഫ്.ഐയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യുക്കാർ വേദിക്കരികിൽ പ്രതിഷേധിക്കാനെത്തിയതോടെ,​ മറുവശത്ത് മുദ്രാവാക്യവും വെല്ലുവിളിയുമായി എസ്.എഫ്.ഐക്കാരും നിരന്നു. ഇരുപക്ഷത്തിനുമെതിരെ കേസായി. പ്രശ്നങ്ങൾ ഇത്രയുമൊക്കെ വഷളായപ്പോഴാണ് സ്റ്റോപ് വിസിലുമായി സർവകലാശാല തന്നെ രംഗത്തെത്തിയത്.

കലോത്സവത്തിനു മുമ്പുതന്നെ,​ അതിന് യൂണിയൻ ചാർത്തിക്കൊടുത്ത പേരിൽത്തുടങ്ങിയതാണ് വിവാദങ്ങൾ. രക്തരൂഷിത കലാപം എന്നൊക്കെ അർത്ഥം പറയാവുന്ന ഇൻതിഫാദ് എന്ന അറബ് വാക്കാണ് കലോത്സവത്തിനായി യൂണിയൻ കണ്ടുപിടിച്ചത്. പരാതി കോടതിയിലെത്തിയതോടെ,​ പേരു മാറ്റാൻ വി.സി തന്നെ നിർദ്ദേശിച്ചെങ്കിലും യൂണിയൻ ചെവിക്കൊണ്ടില്ല. ഒടുവിൽ,​ പേര് അന്വർത്ഥമാക്കും വിധം തന്നെയായി മത്സരവേദിയിലെ രാഷ്ട്രീയവിപ്ളവം. കലോത്സവ വേദികളിൽ മാറ്റുരയ്ക്കപ്പെടേണ്ടത് പ്രതിഭയുടെ തിളക്കമാണ്; നടത്തിപ്പുകാരുടെ രാഷ്ട്രീയത്തിന്റെ തിണ്ണമിടുക്കല്ല. ക്യാമ്പസുകളിലെ രാഷ്ട്രീയാതിപ്രസരത്തിന്റെ ഇരകളായി വിദ്യാർത്ഥികൾ മാറുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാറുകയായിരുന്നു ഇത്തവണത്തെ കേരള സർവകലാശാലാ കലോത്സവം. പഠനത്തിനൊപ്പം ആഴമേറിയ സൗഹൃദങ്ങളുടെയും കൂട്ടായ ചിന്തകളുടെയും കലാവാസനകളുടെയും വസന്തം പൂത്തുലയേണ്ട ക്യാമ്പസുകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ കൊടുംവേനലിൽ തിളച്ചുമറിയുന്നത് എന്തുകൊണ്ടാണ്?​

പൊതുജീവിതത്തിലും രാഷ്ട്രീയത്തിലുമുണ്ടായ മൂല്യച്യുതി കലാലയങ്ങളിലും പ്രതിഫലിക്കുന്നതാണെന്ന് പറഞ്ഞൊഴിയാൻ വിദ്യാർത്ഥി യൂണിയനുകൾക്കോ സർവകലാശാലാ അധികൃതർക്കോ കഴിയില്ല. മൂല്യബോധമുള്ള,​ മിടുക്കരായ യുവ നേതാക്കളാണ് പണ്ടൊക്കെ വിദ്യാർത്ഥിപ്രസ്ഥാനങ്ങളെ നയിച്ചിരുന്നതെങ്കിൽ ആ സ്ഥിതി മാറി. നേതാവിനെ അനുസരിക്കാത്ത തെമ്മാടിക്കൂട്ടങ്ങളായി അനുയായികൾ മാറിയത് ഏതെങ്കിലുമൊരു വിദ്യാർത്ഥി പ്രസ്ഥാനത്തിനു മാത്രം സംഭവിച്ച അപചയവുമല്ല. സ്വന്തം വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ അച്ചടക്കവും അന്തസും ചുമതലാബോധവും നിലനിറുത്തുവാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളും മനസുവയ്ക്കണം. ക്യാമ്പസുകളെ പ്രതിഭകളുടെ പാഠശാലകളും,​ ചടുലമായ പ്രതികരണ വേദികളുമാക്കുകയാണ് തങ്ങളുടെ കർത്തവ്യമെന്ന് വിദ്യാർത്ഥി യൂണിയനുകൾ തിരിച്ചറിയണം. കലോത്സവങ്ങളും കായികമേളകളും ക്യാമ്പസ് ചലച്ചിത്രോത്സവങ്ങളും ഉൾപ്പെടെയുള്ള കോളേജ് കൂട്ടായ്മകളുടെ നടത്തിപ്പിന് മാർഗരേഖയും പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തി,​ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അന്തസും മാന്യതയും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സർവകലാശാലയ്ക്കുമുണ്ട്. ചിന്തകൾകൊണ്ട് കലഹിച്ചിരുന്ന വിദ്യാർത്ഥി സമൂഹം ക്യാമ്പസുകളെ കലഹപ്പുരകളും,​ കലോത്സവങ്ങളെ കലാപങ്ങളുടെ ശരീരോത്സവങ്ങളുമാക്കുന്ന നാണക്കേട് ഇനിയുണ്ടാകരുത്.