
മോസ്‌കോ: റഷ്യൻ സൈനിക ചരക്കുവിമാനം മോസ്‌കോയിലെ ഇവാനോവയിൽ തകർന്നുവീണു വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി റിപ്പോർട്ടുകൾ. 15 പേരുമായി പറന്ന സൈനിക ചരക്കുവിമാനമാണ് തകർന്നുവീണത്. തീപ്പിടിച്ച വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പടിഞ്ഞാറൻ റഷ്യയിലെ വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന ഉടനെയാണ് ഇല്യുഷിൻ 2 76 വിമാനം തകർന്നുവീണത്. എൻജിനിൽ തീപ്പിടിച്ചതാണ് അപകടത്തിന് കാരണമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എട്ട് വിമാനജീവനക്കാരും ഏഴ് യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആരേയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.
ജനുവരിയിൽ സമാനരീതിയിൽ ഐ.എൽ 76 യാത്രാവിമാനം തകർന്നുവീണ് 65 പേർ മരിച്ചിരുന്നു. യുദ്ധത്തടവുകാരുമായി പോകുകയായിരുന്ന വിമാനത്തെ യുക്രെയ്ൻ വെടിവെച്ചിട്ടതാണെന്നായിരുന്നു ആരോപണം.