
ന്യൂഡൽഹി: ആദ്യമായാണ് തേജസ് യുദ്ധവിമാനം തകർന്നുവീഴുന്നത്. നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയും ചെയ്തു. പാരച്യൂട്ടിൽ പൈലറ്റിന്റെ രക്ഷപ്പെടൽ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജെറ്റ് താഴ്ന്നു പറക്കുന്ന സമയം തന്നെ പൈലറ്റ് എജക്ഷൻ സീറ്റ് സജീവമാക്കുകയും പാരച്യൂട്ട് വിന്യസിക്കുകയും സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.
തേജസ് വിമാനങ്ങളിൽ സീറോ- സീറോ ഇജക്ഷൻ സീറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാർട്ടിൻ ബേക്കർ കമ്പനിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഇത് ഏത് അവസ്ഥയിലും പൈലറ്റുമാരെ സുരക്ഷിതരായി പുറത്തെത്തിക്കാൻ പര്യാപ്തമാണ്. പൈലറ്റിന്റെ സുരക്ഷ ഈ നൂതന സാങ്കേതിക വിദ്യ ഉറപ്പുവരുത്തുന്നു. ഒറ്റ സീറ്റുള്ള യുദ്ധ വിമാനമാണ് തേജസ്. ഇന്ത്യയുടെ പ്രതിരോധ ശക്തിയുടെ ഉദാഹരണം. 4.5-തലമുറ മൾട്ടി-റോൾ ഫൈറ്ററാണ് ഇത്. മികച്ച പ്രകടനവും വൈദഗ്ദ്ധ്യവുമാണ് വിമാനത്തിനുള്ളത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ തേജസ് പ്രധാന പങ്ക് വഹിക്കുന്നു.
പൈലറ്റിന്റെ പിഴവോ?
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് അതിനൂതന സാങ്കേതിവിദ്യ ഉപയോഗിച്ച് നിർമ്മിച്ച കരുത്തനായ തേജസിന് അപകടം പറ്റാനുള്ള സാദ്ധ്യത കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു. 2001 മുതൽ തേജസ് നമ്മുടെ ഭാഗമാണ്. 23 വർഷത്തിനിടയിൽ ഇത്തരമൊരു അപകടം ആദ്യം. പരിശീലന പറക്കലിനിടയിലായരുന്നു അപകടം. പൈലറ്റിനുള്ള പരിചയക്കുറവാണ് അപകടത്തിന് പിന്നിലെന്നാണ് കണക്കുകൂട്ടൽ. അതിനിടെ, രക്ഷപ്പെട്ട പൈലറ്റിന്റേതെന്നു കരുതുന്ന ചിത്രങ്ങളും പുറത്തുവന്നു. പാരച്യൂട്ടിൽ ഇറങ്ങിയ ശേഷം നിലത്ത് കിടക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.