moshanam

വൈക്കം: വൈക്കം ആറാട്ടുകുളങ്ങരയിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു. വൈക്കം നഗരസഭ ഒൻപതാം വാർഡ് ആറാട്ടുകുളങ്ങര​ ചുടുകാട് റോഡിൽ തെക്കേനാവള്ളിൽ എൻ. പുരുഷോത്തമൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.

റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ പുരുഷോത്തമൻ നായരും ഭാര്യ ഹൈമവതിയും മകൾ ദേവീ പാർവതിയും തിങ്കളാഴ്ച രാത്രി 9.30​ന് വീട് പൂട്ടി ചികിത്സാ ആവശ്യത്തിന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നു. സ്വന്തം കാറിൽ പരിചയക്കാരനായ ഡ്രൈവർ രാജേഷിനെ കുട്ടിയാണ് പോയത്. വീട്ടുകാരെ ആശുപത്രിയിലാക്കിയ ശേഷം തിരിച്ചെത്തിയ രാജേഷ് വാഹനം വീട്ടിൽ കൊണ്ടുവന്നിട്ടു.

ഉച്ചകഴിഞ്ഞ് കാറുമായി ചേർത്തലയിൽ പോയി പുരുഷോത്തമൻ നായരേയും കുടുംബത്തേയും വൈകിട്ട് 3.30 ഓടെ തിരികെ വീട്ടിൽക്കൊണ്ടുവന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാതിൽ തുറക്കാൻ നോക്കിയപ്പോൾ സാധിക്കാതെ വന്നു. കതക് അകത്തുനിന്ന് കു​റ്റിയിട്ടിരിക്കയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വീടിന്റെ സമീപത്തുണ്ടായിരുന്ന ഏണി ഭിത്തിയിൽ ചാരിവെച്ച നിലയിൽ പോലീസ് കണ്ടെത്തി. വീടിന്റെ പിൻഭാഗത്ത് ഓടാണ്. ഓട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മച്ചിന്റെ തുറന്ന ഭാഗത്തു കൂടിയാണ് അകത്ത് കടന്നത്. നാല് മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വിരലടയാളവിദഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. വൈക്കം ഡിവൈ.എസ്.പി. ഇമ്മാനുവൽ പോൾ, എസ്.എച്ച്.ഒ. എസ്. ദ്വിജേഷ്, എസ്.ഐ. എസ്.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകളും പരിശോധിക്കുന്നുണ്ട്.