
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഭേദഗതി വിജ്ഞാപനം ചെയ്തതെന്നും പൗരത്വനിയമം മുസ്‌ലീം വിരുദ്ധ നിയമമാണെന്ന പ്രചാരണം വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും മുസ്ലീം വിഭാഗത്തിന്റെ പൗരത്വത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിലവിലെ 18 കോടി മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുള്ള എല്ലാ അവകാശവും ഉണ്ടായിരിക്കും. പൗരത്വം തെളിയിക്കാന്‍ ഒരു തരത്തിലുള്ള രേഖയും ഹാജരാക്കേണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
സി.എ.എയുടെ കാര്യത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ട. അവരുടെ പൗരത്വത്തെ ബാധിക്കുന്ന ഒരു നിബന്ധനയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം ഏത് രാജ്യത്തിലുള്ള മുസ്ലീം വിഭാഗത്തിനും ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാം. അതിന് സി.എ.എ ഒരു തടസ്സവുമല്ല. മറിച്ചുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.
അഭയാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്താന്‍ ഒരു രാജ്യവുമായും ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. സിഎഎ ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിന് പിന്നാലെ വലിയരീതിയിലുള്ള എതിര്‍പ്പാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. നിയമപരമായി നേരിടാനാണ് വിവിധ കക്ഷികളുടെ തീരുമാനം.