film-reviewing

കൊച്ചി: റിവ്യൂ ബോംബിംഗിനെതിരെ പരാതിപ്പെടാൻ സൈബർ പൊലീസ് പോർട്ടൽ തയ്യാറാക്കണമെന്നും സിനിമകൾ റിലീസായി 48 മണിക്കൂർ കഴിയാതെ റിവ്യൂ അനുവദിക്കരുതെന്നും ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്. പെട്ടെന്ന് എഫ്.ഐ.ആർ രജിസ്റ്റർചെയ്ത് അന്വേഷണം സുഗമമാക്കാൻ പോർട്ടൽ സഹായകമാകുമെന്നും റിപ്പോ‌ർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റിവ്യൂബോംബിംഗ് നടത്തുന്ന വ്യാജ ഐ.ഡികൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സൈബർ സെൽ നൂതന സാങ്കേതികവിദ്യയും ഐ.ടി ടൂളുകളും ഉപയോഗിക്കണം. സിനിമ റിലീസായി 48 മണിക്കൂറിനകം നല്ലൊരുഭാഗം പ്രേക്ഷകർക്കും ബാഹ്യസ്വാധീനമില്ലാതെ അഭിപ്രായം സ്വരൂപിക്കാനാകുമെന്നാണ് അഡ്വ. ശ്യാം പത്മന്റെ റിപ്പോ‌ർട്ടിലെ വിലയിരുത്തൽ.

സിനിമയെ തകർക്കാൻ റിവ്യൂബോംബിംഗ് നടത്തുന്നവരെ കർശനമായ നിയമങ്ങളുപയോഗിച്ച് തടയാനാകും. എന്നാൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും വ്ലോഗർമാരും വലിയൊരുവിഭാഗം പ്രേക്ഷകരെ സ്വാധീനിക്കുമെന്നതിനാൽ ഇവരുടെ റിവ്യൂകൾ നിയന്ത്രിക്കുന്നത് വെല്ലുവിളിയാണ്. നെഗറ്റീവ് റിവ്യൂകൾ തടയണമെന്ന ഹ‌ർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്.

മറ്റ് ശുപാർശകൾ

സോഷ്യൽ മീഡിയയിൽ ധാർമികത ഉറപ്പാക്കാൻ കേന്ദ്രവാർത്താവിനിമയ മന്ത്രാലയം മാർഗരേഖ തയ്യാറാക്കണം.

റിവ്യൂകൾ ബി.ഐ.എസ് അംഗീകാരമുള്ള സൈറ്റുകളിലൂടെ മാത്രം

വ്ലോഗർമാർ വ്യക്തിഹത്യയും മോശം ഭാഷയും വെടിയണം.

വിമർശനം ഗുണകരമാകണം.

സിനിമയുടെ കഥ വെളിപ്പെടുത്തുന്ന സ്പോയിലറുകൾ ഒഴിവാക്കണം.

നെഗറ്റീവ് റിവ്യൂകൾ ബോക്സോഫീസിൽ വരുത്തുന്ന നഷ്ടം പരിഗണിക്കണം.

പക‌ർപ്പവകാശവും സിനിമാക്കാരുടെ സ്വകാര്യതയും മാനിക്കണം.

പണംപറ്റിയുള്ള റിവ്യൂകളിൽ കേന്ദ്ര ഉപഭോക്തൃ അതോറിറ്റി നടപടിയുണ്ടാകണം.

എത്രപേർ വിശ്വസിക്കുമെന്ന് കോടതി

നെഗറ്റീവ് റിവ്യൂകൾക്കിടയിലും മലയാളസിനിമകൾ വിജയിക്കുന്നുണ്ടെന്ന് ഹൈക്കോടതി. ഇത്തരം റിവ്യൂകൾ എത്രപേർ വിശ്വസിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു. 26ന് വീണ്ടും വാദംകേൾക്കും. നെഗറ്റീവ് റിവ്യൂകൾ സിനിമയെ തകർത്തെന്നാരോപിച്ച് 'ആരോമലിന്റെ ആദ്യപ്രണയം' എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫാണ് ഹർജി നൽകിയത്.